KeralaNews

പോലീസ് ഉന്നതരുടെ മക്കളുടെ പഠനച്ചെലവും മോന്‍സന്‍ വക?

കോഴിക്കോട്: പുരാവസ്തുക്കളുടെ പേരില്‍ കോടികള്‍ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കല്‍ പോലീസ് ഉന്നതര്‍ക്ക് ‘ധനസഹായ’വും നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. നേരിട്ടു പണം നല്‍കാതെയാണ് മക്കളുടെയും ബന്ധുക്കളുടെയും മറ്റും വിദ്യാഭ്യാസ ചെലവുകള്‍ മോന്‍സന്‍ ഓഫര്‍ നല്‍കിയതായി പറയുന്നത്.

സംസ്ഥാനത്തിനു പുറത്തു പഠിക്കുന്ന പോലീസ് ഉന്നതരുടെ അടുത്ത ബന്ധമുള്ളവര്‍ക്കായി ലക്ഷങ്ങളാണ് സഹായമായി നല്‍കിയതെന്നാണ് സൂചന. ഓഫറില്‍ ഉദ്യോഗസ്ഥര്‍ പെട്ടുപോയതാണെന്നാണ് സൂചന. ബംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്കു വിദ്യാഭ്യാസ ആവശ്യാര്‍ഥം മോന്‍സന്‍ പണം നല്‍കിയിട്ടുണ്ട്. ഇക്കാര്യം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനെ അറിയിച്ചിട്ടുണ്ടെന്നും പരാതിക്കാര്‍ പറഞ്ഞു. മോന്‍സനും പോലീസുദ്യോഗസ്ഥരുമായുള്ള അവിശുദ്ധ ബന്ധം പുറത്തുവന്നിട്ടും ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല.

മാന്‍സനെ സഹായിച്ച പോലീസുകാരെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം നടത്തുന്നുണ്ട്. ഐജി, ഡിഐജി, എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് അന്വേഷണം നടക്കുന്നത്. അതിനിടെയാണ് മോന്‍സന്റെ ആനുകൂല്യം കൈപ്പറ്റിയെന്ന വിവരവും പുറത്തുവരുന്നത്.

മോന്‍സനുമായി സൗഹൃദത്തിലാവുന്ന ഉന്നത പോലീസുദ്യോഗസ്ഥര്‍ മുതല്‍ മറ്റു കേന്ദ്ര-സംസ്ഥാന സര്‍വീസുകളിലുള്ളവരുടെ വരെ കുടുംബ വിവരങ്ങള്‍ മോന്‍സന്‍ ശേഖരിച്ചിരുന്നു. മക്കളുടെ വിദ്യഭ്യാസമായിരുന്നു ഇതില്‍ ഏറ്റവും പ്രധാനം. സ്വകാര്യ കോളജുകളില്‍ പഠിക്കുന്നവരാണെങ്കില്‍ അവരുടെ ഫീസ് ഇളവു ചെയ്യാമെന്ന രീതിയിലാണ് മോന്‍സന്‍ ഇടപെടുന്നത്. കോളജിലെ ഡയറക്ടര്‍മാര്‍ സുഹൃത്തുക്കളാണെന്നും അതിനാല്‍ മാസത്തവണയായി അടയ്ക്കുന്ന ഫീസില്‍ ഇളവുണ്ടാക്കാമെന്നും മോന്‍സന്‍ പറയും.

ബന്ധമുള്ളതിനാല്‍ ലഭിക്കുന്ന സൗജന്യമെന്ന നിലയില്‍ പലരും മോന്‍സന്റെ ‘ഇളവുകളില്‍’ വീണു. എന്നാല്‍, കോളജുമായി മോന്‍സന് ഒരു ബന്ധവുമില്ലെന്നും ഫീസ് സ്വന്തം ചെലവിലാണ് ഫീസടയ്ക്കാറുള്ളതെന്നും പരാതിക്കാര്‍ വെളിപ്പെടുത്തി. ഇതിനുള്ള തുകയും മോന്‍സന്‍ പലരില്‍നിന്നായി കടമായി വാങ്ങുകയായിരുന്നു. ഇളവു കിട്ടേണ്ട തുക കൈയില്‍നിന്ന് അടയ്ക്കുകയായിരുന്നു. ഇളവു കിട്ടിയവര്‍ അതു മോന്‍സന്റെ സ്വാധീനംകൊണ്ടാണെന്നു വിശ്വസിക്കുകയും ചെയ്തു.

തട്ടിപ്പിലൂടെ മോന്‍സന്‍ നേടിയ പണമെല്ലാം ഇത്തരം ‘ചാരിറ്റി’ പ്രവര്‍ത്തനത്തിനു ചെലവഴിച്ചതായാണ് സംശയിക്കുന്നത്. പോലീസിന്റെ പല പരിപാടികള്‍ക്കും മോന്‍സന്‍ സംഭാവന ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ചു ചില വിവരങ്ങള്‍ ചോദ്യം ചെയ്യലിനിടെ മോന്‍സന്‍ ക്രൈംബ്രാഞ്ച് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പല ഉന്നത ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നടത്തേണ്ട അവസ്ഥയിലാണ് ക്രൈംബ്രാഞ്ച്. അതേസമയം, മോന്‍സന്‍ പല രീതിയില്‍ വഞ്ചിച്ചുവെന്നു പറയുന്നതല്ലാതെ പല ഉന്നതരും പരാതി നല്‍കിയിട്ടില്ല. ഇവര്‍ക്കെതിരേയുള്ള തെളിവുകള്‍ മോന്‍സന്‍ പുറത്തുവിടുമെന്ന ആശങ്കയുള്ളതിനാലാണ് പരാതി നല്‍കാത്തതെന്നാണ് ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker