ലക്നൗ: വയോധികന്റെ കൈവശം ഉണ്ടായിരുന്ന ലക്ഷങ്ങള്‍ അടങ്ങിയ ബാഗ് കുരങ്ങന്‍ തട്ടിപ്പറിച്ചു. ബാഗുമായി മരത്തിന്റെ മുകളില്‍ കയറിയ കുരങ്ങനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ബാഗില്‍ നിന്ന് നോട്ടുകെട്ടുകള്‍ എടുത്ത് കീറി വലിച്ചെറിഞ്ഞു. 12000 രൂപ വരെ മൂല്യമുള്ള നോട്ടുകളാണ് കുരങ്ങന്‍ കീറി എറിഞ്ഞത്.
ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് കുരങ്ങന്‍ ഭഗ്വാന്‍ ദിന്നിനെ ഒരു മണിക്കൂര്‍ നേരം മുള്‍മുനയില്‍ നിര്‍ത്തിയത്. നാലുലക്ഷം രൂപയാണ് ബാഗില്‍ ഉണ്ടായിരുന്നത്. ഒരു വസ്തു വാങ്ങുന്നതിനായാണ് പണവുമായി എത്തിയതെന്ന് വയോധികന്‍ പറയുന്നു.
മരത്തില്‍ കയറി ബാഗിലെ നോട്ടുകെട്ടുകള്‍ കുരങ്ങന്‍ വലിച്ചെറിയാന്‍ തുടങ്ങിയതോടെ ആള്‍ക്കൂട്ടം കൂടി. അതിനിടെ പഴവും മറ്റും നല്‍കി കുരങ്ങനെ അനുനയിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ചിലര്‍ മരത്തില്‍ കയറി ബാഗ് പിടിച്ചെടുക്കാന്‍ ശ്രമിച്ചുവെങ്കിലും അതും വിജയം കണ്ടില്ല.
ഒരു മണിക്കൂര്‍ നേരമാണ് കുരങ്ങന്‍ നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയത്. ഇതിന് ശേഷം കുരങ്ങന്‍ തന്നെ ബാഗ് താഴേക്ക് വലിച്ചെറിഞ്ഞതോടെയാണ് വയോധികന്റെ അഗ്‌നിപരീക്ഷയ്ക്ക് അവസാനമായത്. നാട്ടുകാര്‍ ചേര്‍ന്ന് നോട്ടുകെട്ടുകള്‍ പെറുക്കിയെടുത്ത് ഭഗ്വാന് തിരികെ നല്‍കി. 12000 രൂപ മൂല്യം വരുന്ന നോട്ടുകളാണ് കുരങ്ങന്‍ കീറികളഞ്ഞത്.