തൃശൂർ :ഓൺലൈൻ ട്രേഡിങ്ങ് എന്ന പേരിൽ മണിചെയ്യിൻ മാതൃകയിൽ ഉടൻ പണം സമ്പാദിക്കാൻ ആകർഷകമായ വാഗ്ദാനങ്ങൾ നൽകി സാധാരണക്കാരിൽ നിന്നും വൻതുകകൾ തട്ടിയ പ്രതികളെ കൊയമ്പത്തൂരിൽ നിന്നും പിടികൂടി. തൃശ്ശൂർ അമ്മാടത്തുള്ള ചിറയത്ത് വീട്ടിൽ ജോബി (43) തൃശ്ശൂർ ചേറ്റുപുഴയിലുള്ള കൊല്ലത്ത്കുണ്ടിൽ വീട്ടിൽ സ്മിത (40) എന്നിവരെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ ടൗണിൽ SJ Associates എന്ന പേരിൽ സ്ഥാപനം തുടങ്ങിയാണ് ഇവർ തട്ടിപ്പിന് തുടക്കമിട്ടത്. Toll Deal Ventures LLP എന്ന പേരിൽ മണിചെയിൻ മാതൃകയിൽ കോഴിക്കോട് ആസ്ഥാനമാക്കിയാണ് Online Trading എന്ന ബിസിനസ്സ് പ്രവർത്തിച്ചിരുന്നത്. പല ദിവസങ്ങളിലായി തൃശ്ശൂരിലെ വലിയ ഹോട്ടലുകളിലും മറ്റും മീറ്റിങ്ങുകൾ സംഘടിപ്പിച്ച് ബിസിനസ്സിനെ കുറിച്ച് പരിചയപ്പെടുത്തുകയാണ് ഇവർ ആദ്യം ചെയ്യുന്നത്.
ട്രേഡിങ്ങിനായി പണം സ്വരൂപിക്കുക എന്ന ഘട്ടത്തിലേക്കാണ് ഇവർ ആദ്യം പണം വാങ്ങുക. പണം നൽകുന്നവരുടെ മൊബൈലിലേക്ക് ഒരു ആപ്ളിക്കേഷൻ ഡൌൺലോഡ് ചെയ്ത് കൊടുക്കുകയും ഇതിനോടൊപ്പം ഒരു യൂസർ ഐഡിയും പാസ്സ് വേഡും നൽകുന്നു. ഈ പാസ്സ് വേഡ് ആപ്ളിക്കേഷനിൽ നൽകുന്നതോടുകൂടി ഇവർ നൽകുന്ന തുകയ്ക്ക് തുല്ല്യമായ ഡോളർ വാലറ്റിൽ ക്രെഡിറ്റ് ആകുന്നത് ആപ്ളിക്കേഷനിൽ കാണിക്കുന്നു. പല ദിവസങ്ങളിലായി ഈ ഡോളർ കൂടുകയും ചെയ്യുന്നു. വേറെ ഒരു വ്യക്തിയെ ഈ ബിസിനസ്സിലേക്ക് ചേർക്കുന്നതോടെ അവർക്ക് അതിന്റെ കമ്മീഷനായുള്ള തുകകൂടി ഡോളറായി വാലറ്റിൽ ലഭിക്കും എന്ന ഓഫറും കൂടി ഇവർ നൽകുന്നുണ്ട്. ഇങ്ങനെ ആപ്ളിക്കേഷനിലെ വാലറ്റിൽ ഡോളർ വർദ്ധിക്കുന്നു.
എന്നാൽ പണം പിൻവലിക്കാൻ സാധിക്കുന്നില്ല എന്ന പരാതിയുമായി പലരും ഇവരെ സമീപിച്ചിരുന്നു. ക്രിപ്റ്റോ കറൻസിയിലേക്ക് മാറ്റിയാൽ മാത്രമേ പിൻവലിക്കാൻ സാധിക്കൂ എന്നാണ് ഇവർ ആദ്യം മറുപടി കൊടുത്തിരുന്നത്. പരാതികൾ കൂടിവന്നതോടെ പ്രതികൾ തൃശ്ശൂരിലുള്ള സ്ഥാപനം പൂട്ടി സ്ഥലം വിടുകയായിരുന്നു.
തട്ടിപ്പിനിരയായ നിക്ഷേപകരുടെ പരാതികൾ നെടുപുഴ സ്റ്റേഷനിലെത്തുകയും നെടുപുഴ പോലീസ് കേസ്സ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും അന്വേഷണത്തിൽ പ്രതികൾ കൊയമ്പത്തൂരിൽ ഒളിവൽ കഴിയുകയുമാണെന്ന് അറിഞ്ഞതിനാൽ സർക്കിൾ ഇൻസ്പെക്ടർ ദിലീപ് ടി.ജി യുടെ നിർദ്ദേശപ്രകാരം അന്വേഷണ സംഘം കൊയമ്പത്തൂരിലെത്തി പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു.
കൊയമ്പത്തൂരിൽ ഒളിവിലായിരുന്ന പ്രതികൾ കാറിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഒരു മാസത്തോളമായി കൊയമ്പത്തൂരിലെ ലോഡ്ജിൽ ഇവർ കഴിയുകയായിരുന്നു. ഭർത്താവ് മരണപ്പെട്ട സ്മിതക്ക് മൂന്ന് കുട്ടികളും, ജോബിക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കൊയമ്പത്തൂരിൽ വച്ചും ഇവർ കേരളത്തിൽ നിന്നും ആളുകളെ കൊയമ്പത്തൂരിലേക്ക് മീറ്റിങ്ങിനായി ക്ഷണിച്ചിരുന്നെന്നും, മാത്രമല്ല പ്രധാന പ്രതികൾ വിദേശത്തുനിന്നും ഫോണിലൂടെയാണ് ബിസിനസ്സ് നിയന്ത്രിക്കുന്നതെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. അന്വേഷണത്തിൽ ഇതിലെ പ്രധാന പ്രതികൾ തൃശ്ശൂരിലുളള രാജേഷ് മലാക്ക, മുഹമ്മദ് ഫൈസൽ എന്നിവരാണെന്നും കൂടാതെ മലപ്പുറം കോഴിക്കോട് എന്നീ ജില്ലകളിലാണ് പ്രധാന ഓഫീസുകളുള്ളതെന്നും തൃശ്ശൂരിലുള്ളത് അസ്സോസിയേറ്റഡ് സ്ഥാപനമാണെന്നും അന്വേഷണത്തിൽ അറിഞ്ഞിട്ടുണ്ട്.
ഈ കേസിൽ പല വമ്പൻമാരും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതുവഴി ലഭിച്ച പണംകൊണ്ട് പലരും തങ്ങളുടെ ബിനാമികളുടേയും ബന്ധുക്കളുടേയും പേരിൽ ആഢംബര വീടുകളും ഫ്ളാറ്റുകളും പണിതിട്ടുണ്ടെന്നും അറിഞ്ഞതിനാൽ തുടർന്ന് അന്വേഷണം ശക്തമായ രീതിയിൽ നടത്തുന്നുണ്ടെന്നും നെടുപുഴ പോലീസ് അറിയിച്ചു.