കല്‍പ്പറ്റ: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ട്യുഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളികളെ അവധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെയും ന്യൂനമര്‍ദ്ദത്തിന്റെയും പശ്ചാത്തലത്തില്‍ അടുത്ത നാല് ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
മഴ കനക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ വയനാട് ഉള്‍പ്പെടെയുള്ള നാല് ജില്ലകളില്‍ നാളെ(തിങ്കള്‍) റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ടുള്ളത്.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന്(ഞായറാഴ്ച) ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്. റെഡ് അലേര്‍ട്ട് നല്‍കിയിട്ടുള്ള നാല് ജില്ലകള്‍ ഒഴിച്ച് മറ്റ് ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.