FeaturedHome-bannerKeralaNews

മോഹന്‍ലാലിന് തിരിച്ചടി, ആനക്കൊമ്പുകേസില്‍ വിചാരണ നേരിടണം,കുറ്റം തെളിഞ്ഞാല്‍ ആറുവര്‍ഷം വരെ തടവ്‌

കൊച്ചി: നടന്‍ മോഹന്‍ലാലിന് എതിരായ ആനക്കൊമ്പ് കേസുമായി മുന്നോട്ട് പോകാമെന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഇതോടെ കേസില്‍ മോഹന്‍ലാന്‍ തുടര്‍നടപടികള്‍ നേരിടണം. 2012 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മോഹന്‍ലാലിന്റെ കൊച്ചി തേവരയിലെ വീട്ടില്‍ ഇന്‍കം ടാക്‌സ് നടത്തിയ പരിശോധനയ്ക്കിടെയാണ് ആനക്കൊമ്പ് പിടിച്ചെടുത്തത്. വനംവകുപ്പാണ് സംഭവത്തില്‍ കേസെടുക്കുന്നത്.

അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ചത് വനം- വന്യ ജീവി നിയമപ്രകാരം കുറ്റകരമാണന്ന വാദം കണക്കിലെടുത്താണ് അനുമതി റദ്ദാക്കിയത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതിനെതിരെ ഏലൂര്‍ സ്വദേശി എ എ പൗലോസും റാന്നി സ്വദേശിയായ മുന്‍ വനം വകുപ്പുദ്യോഗസ്ഥന്‍ ജെയിംസ് മാത്യുവും സമര്‍പ്പിച്ച ഹര്‍ജികളില്‍ വിശദമായ വാദം കേട്ട ശേഷമാണ് ഉത്തരവ്.

മൂന്നാം കക്ഷിയുടെ വാദം കേള്‍ക്കേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരുടെ ഹര്‍ജി മജിസ്‌ടേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. എന്നാല്‍ പരാതിയില്‍ പൊതുതാല്‍പ്പര്യമുണ്ടെന്നും കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പരാതിക്കാരുടെ ഭാഗം കേള്‍ക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണു വിശദമായ വാദം കേട്ടത്.

മോഹന്‍ലാലിനെതിരായ കേസ് പിന്‍വിലിക്കാന്‍ അനുമതി നല്‍കയിട്ടുണ്ടെന്നു കാണിച്ച് ആഭ്യന്തര വകുപ്പ്, കലക്ടര്‍ മുഖേന മജിസ്‌ടേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.

മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍നിന്ന് പിടികൂടിയ ആനക്കൊമ്പുകളും ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹങ്ങളും കസ്റ്റഡിയിലെടുക്കാതെ മോഹന്‍ ലാലിനെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. തൊണ്ടിമുതല്‍ പ്രതിയെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച നടപടി കേട്ടുകേള്‍വിയില്ലാത്തതാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

ആനക്കൊമ്പുകള്‍ പാരിതോഷികമായി ലഭിച്ചതാണെന്നു ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ നല്‍കിയ അപേക്ഷയിലാണ് മുഖ്യവനപാലകന്‍ തൊണ്ടിമുതലുകള്‍ ക്രമപ്പെടുത്തി നല്‍കിയത്.

പെരുമ്പാവൂര്‍ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മോഹന്‍ലാല്‍ ഒന്നാം പ്രതിയാണ്. ആനക്കൊമ്പ് അനധികൃതമായി കൈവശം വയ്ക്കുന്നത് വനം -വന്യജീവി നിയമപ്രകാരം അഞ്ച് വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button