ലൂസിഫറിന്റെ മൂന്നാം ഭാഗം എമ്പുരാനേക്കാൾ വലിയ സിനിമയാകും, പ്രേക്ഷകരോട് നന്ദി പറഞ്ഞ് മോഹൻലാൽ

കൊച്ചി:ലൂസിഫറിന്റെ മൂന്നാം ഭാഗം എമ്പുരാനേക്കാള്‍ വലിയ സിനിമയായിരിക്കുമെന്ന് മോഹന്‍ലാല്‍. ബുധനാഴ്ച വൈകീട്ട് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ പ്രേക്ഷകര്‍ക്കും മോഹന്‍ലാല്‍ നന്ദിയറിയിച്ചു. സ്വപ്‌നമാണോ എന്ന് തോന്നും വിധം അത്രത്തോളം എമ്പുരാന്‍ വളര്‍ന്നുകഴിഞ്ഞുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ലൂസിഫറിന്റെ വിജയമാണ് എമ്പുരാന്റെ തുടക്കം. ഈ കഥ മൂന്ന് സിനിമകളായിട്ടാണ് വരുന്നത്. ഇതിനകം തന്നെ അതിന്റെ കഥയുടെ രൂപമുണ്ട്. ഈ കഥ ഒരു സിനിമയില്‍ പറയാന്‍ പറ്റില്ലെന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു. ലൂസിഫറിന്റെ അമ്പതാം ദിവസം ഞങ്ങള്‍ എമ്പുരാന്‍ പ്രഖ്യാപിച്ചു.
അന്ന് ഇത് ഇത്ര വലിയ സിനിമയാകുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എമ്പുരാന്റെ അവസാനം ഞങ്ങള്‍ പറയുന്നത് ഇതിനൊരു മൂന്നാം ഭാഗമുണ്ടെന്നാണ്. അത് ഇതിനും വലിയൊരു സിനിമയായി മാറാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. മോഹന്‍ലാല്‍ പറഞ്ഞു.
എമ്പുരാന്റെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരും തിരക്കഥാകൃത്ത് മുരളി ഗോപിയ്ക്കും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും മോഹന്‍ലാല്‍ നന്ദി പറഞ്ഞു. ആന്റണി പെരുമ്പാവൂര്‍ തന്റെ ഒപ്പം സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് 37 വര്‍ഷങ്ങളായെന്നും അന്ന് മുതല്‍ സിനിമയല്ലാതെ അദ്ദേഹത്തിന് മറ്റൊരു ചിന്തയുമില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.
അദ്ദേഹം വലിയ സ്വപ്‌നങ്ങളാണ് കാണുന്നത്. ആ സ്വപ്‌നം സാധ്യമാക്കാന്‍ അദ്ദേഹത്തിന് ഒരാളെ കിട്ടി അതാണ് പൃഥ്വിരാജ് എന്ന് താന്‍ വിശ്വസിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജുവാര്യര്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.