കുത്തിയൊലിക്കുന്ന പുഴയിൽ ചങ്ങാടം ഒറ്റയ്ക്ക് തുഴഞ്ഞ് മോഹൻലാൽ, വീഡിയോ വൈറൽ
കുത്തിയൊലിക്കുന്ന പുഴയിൽ ചങ്ങാടം ഒറ്റയ്ക്ക് തുഴഞ്ഞുപോകുന്ന മോഹൻലാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.തൊടുപുഴയാറിലൂടെയാണ് മോഹൻലാൽ ചങ്ങാടം തുഴയുന്നത്. മുണ്ടുടുത്ത് തലയിൽ കെട്ടും കെട്ടി നിൽക്കുന്ന മോഹൻലാലിനെയാണ് വീഡിയോയിൽ കാണുന്നത്.
എം.ടി.വാസുദേവൻ നായരുടെ രചനയിൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിന്റെ പുനരാവിഷ്‌കാരമാണിത്. ഓളവും തീരത്തിലെ പ്രണയ ജോഡികളായ ബാപ്പൂട്ടിയെയും നബീസയെയും അനശ്വരമാക്കിയത് മധുവും ഉഷാനന്ദിനിയുമാണ്. ബാപ്പൂട്ടിയായി മോഹന്‍ലാല്‍ എത്തുമ്പോൾ നബീസ ആരാണെന്നത് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല.
സന്തോഷ് ശിവൻ ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത് സാബു സിറിലാണ്. ഹരീഷ് പേരടി, മാമൂക്കോയ തുടങ്ങിയവരും അഭിനയിക്കുന്നു.എം.ടിയുടെ പത്ത് ചെറുകഥകളെ അധീകരിച്ച് ഒരുങ്ങുന്ന പത്ത് സിനിമകളിലൊന്നാണ് ഓളവും തീരവും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.