EntertainmentKeralaNews

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് മോഹൻലാലിന് ക്ഷണം; ക്ഷണപത്രം നൽകി ആർഎസ്എസ്

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് ആർഎസ്എസ് പ്രവർത്തകർ. ആർഎസ് എസ് പ്രാന്ത പ്രചാരക് എസ് സുദർശൻ, ദക്ഷിണ ക്ഷേത്ര സഹസമ്പർക്ക പ്രമുഖ് ജയകുമാർ, ബിജെപി ഇൻഡസ്ട്രിയൽ സെൽ കൺവീനർ അനൂപ് കുമാർ തുടങ്ങിയവരാണ് മോഹൻലാലിനെ നേരിൽ കണ്ട് ക്ഷണിച്ചത്. അയോദ്ധ്യയിൽ പൂജിച്ച അക്ഷതവും ക്ഷണപത്രവും ഇതോടൊപ്പം കൈമാറി.

പ്രമുഖരെ നേരിട്ട് കണ്ടാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കുന്നത്. ശ്രീനിവാസൻ അടക്കമുള്ള താരങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. ബോളിവുഡിൽ നിന്നുള്ള പ്രമുഖ താരങ്ങൾക്കും ക്ഷണമുണ്ട്. കഴിഞ്ഞ ദിവസം ആലിയ-രൺബീർ താര ദമ്പതികളെ ചടങ്ങിലേക്ക് ക്ഷണിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെട്ടിരുന്നു.

പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന തീരുമാനത്തിനെതിരെ കോൺഗ്രസിൽ വ്യത്യസ്ത അഭിപ്രായം ഉയർന്നിട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കുമെന്ന പ്രഖ്യാപനവുമായി ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിങ് രംഗത്ത് എത്തിയിരുന്നു. രാഷ്ട്രീയ തീരുമാനമെടുക്കുന്നതിൽ നിന്ന് കോൺഗ്രസിന് മാറി നിൽക്കാമായിരുന്നുവെന്നാണ് ഗുജറാത്തിൽ നിന്നുള്ള മുതിർന്ന നേതാവ് അർജുൻ മോദ്‍വാദിയ വ്യക്തമാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കും അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും ലോക്സഭാ കക്ഷി നേതാവ് അധിര്‍രഞ്ജൻ ചൗധരിക്കുമായിരുന്നു രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്. എന്നാൽ ഇവരാരും പങ്കെടുക്കില്ലെന്ന് മുൻപ് കോൺ​ഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചിരുന്നു. ചടങ്ങിനെ ബിജെപിയും ആർഎസ്എസും രാഷ്ട്രീയവൽകരിക്കുന്നുവെന്നും കോൺ​ഗ്രസ് നേതൃത്വം നിലപാടറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button