CricketNewsSports

പുലർച്ചെ 4 മണി, 19-ാം നിലയുടെ ബാല്‍ക്കണിയില്‍ മുഹമ്മദ് ഷമി, ആത്മഹത്യ ചെയ്യുമോ എന്നു ആശങ്ക;വെളിപ്പെടുത്തലുമായി സുഹൃത്ത്

കൊല്‍ക്കത്ത: ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമിയുടെ കരിയറിലെ ഏറ്റവും വിഷമകരമായ കാലഘട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സുഹൃത്ത് ഉമേഷ് കുമാര്‍. ഗാര്‍ഹിക പീഡന പരാതിയും ഒത്തുകളി ആരോപണവും ഉയര്‍ന്ന ഘട്ടത്തില്‍ ഷമി ആത്മഹത്യ ചെയ്തേക്കുമോ എന്ന് താന്‍ ഭയപ്പെട്ടിരുന്നുവെന്നും ഷമി കൂടി പങ്കെടുത്ത യുട്യൂബ് അഭിമുഖത്തില്‍ സുഹൃത്ത് വെളിപ്പെടുത്തി.

ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കി ഗാര്‍ഹിക പീഡന പരാതിയെത്തുടർന്ന് പൊലസ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതിന് പിന്നാലെ ഷമിയുടെ കരാര്‍ ബിസിസിഐ തല്‍ക്കാലത്തേക്ക് റദ്ദാക്കിയിരുന്നു. ആ സമയത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ഷമി തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നെങ്കിലും വിശദമായി ആദ്യമായാണ് സുഹൃത്ത് ഇതിനെക്കുറിച്ച് തുറന്നു പറയുന്നത്.

ആ സമയത്ത് എന്‍റെ ഫ്ലാറ്റിലായിരുന്നു ഷമി താമസിച്ചിരുന്നത്. ഒരു ദിവസം ഞാന്‍ പുലര്‍ച്ചെ നാലു മണിക്ക് വെള്ളം കുടിക്കാനായി എഴുന്നേറ്റ് അടുക്കളയിലേക്ക് പോകുമ്പോള്‍ എന്‍റെ പത്തൊമ്പതാം നിലയിലുള്ള ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നില്‍ക്കുകയാണ് ഷമി. അവൻ ആത്മഹത്യ ചെയ്തേക്കുമോ എന്ന് ഞാന്‍ ഭയന്നു. കുടുബ പ്രശ്നങ്ങള്‍ക്ക് പിന്നാലെ പാകിസ്ഥാനെതിരായ മത്സരത്തിലെ ഒത്തുകളി ആരോപണമായിരുന്നു അവനെ മാനസികമായി തകര്‍ത്തത്. അതിൽ ആഭ്യന്തര സമിതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

അന്നവന്‍ പറഞ്ഞത്, ബാക്കിയെല്ലാം ഞാന്‍ സഹിക്കും, പക്ഷെ സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്തുവെന്ന് ആരോപിക്കുന്നത് ഒരിക്കലും തനിക്ക് ക്ഷമിക്കാനാവില്ലെന്നായിരുന്നു. അന്ന് രാത്രിയായിരുന്നു ഞാന്‍ അവനെ പുലര്‍ച്ചെ ബാല്‍ക്കണിയില്‍ നില്‍ക്കുന്നത് കണ്ട് ആത്മഹത്യ ചെയ്തേക്കുമോ എന്ന് ഭയന്നത്. ആ ദിവസം പിന്നീട് അവന്‍റെ ഫോണിലേക്ക് ഒരു സന്ദേശം എത്തി. ആഭ്യന്തര സമിതിയുടെ അന്വേഷണത്തില്‍ ഒത്തുകളി ആരോപണം തെറ്റാണെന്ന് തെളിഞ്ഞുവെന്ന്. അന്നവന്‍ ലോകകപ്പ് ജയിച്ചതിനെക്കാൾ സന്തോഷത്തിലായിരുന്നുവെന്നും ഉമേഷ് കുമാര്‍ പറഞ്ഞു.

ഏകദിന ലോകകപ്പിനുശേഷം കണങ്കാലിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ഷമി വീണ്ടും പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഷമി ഇന്ത്യൻ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker