ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ആഗോള നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 100 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് നരേന്ദ്ര മോദിക്ക് എക്‌സില്‍ ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനേക്കാള്‍ (38.1 ദശലക്ഷം) ബഹുദൂരം മുന്നിലാണ് നരേന്ദ്ര മോദി.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയീബ് എര്‍ദോഗാന്‍ (21.5 ദശലക്ഷം), യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് (11.2 ദശലക്ഷം) എന്നിവരെല്ലാം നരേന്ദ്ര മോദിയേക്കാള്‍ ഏറെ പിന്നിലാണ്. അതേസമയം മറ്റ് ഇന്ത്യന്‍ രാഷ്ട്രീയക്കാരെ അപേക്ഷിച്ചും നരേന്ദ്ര മോദി മുന്നിലാണ്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് 26.4 ദശലക്ഷം ഫോളോവേഴ്സാണ് എക്‌സില്‍ ഉള്ളത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 27.5 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്.
സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് (19.9 ദശലക്ഷം), പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി (7.4 ദശലക്ഷം) എന്നിവരും പിന്നിലാണ്. രാഷ്ട്രീയക്കാര്‍ മാത്രമല്ല, വിരാട് കോലി (64.1 ദശലക്ഷം), ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ ജൂനിയര്‍ (63.6 ദശലക്ഷം), യുഎസ് ബാസ്‌ക്കറ്റ്ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് (52.9 ദശലക്ഷം) എന്നിവരുള്‍പ്പെടെ ആഗോള കായിക ഐക്കണുകളേക്കാള്‍ കൂടുതല്‍ ഫോളോവേഴ്സ് മോദിക്കുണ്ട്.
ടെയ്ലര്‍ സ്വിഫ്റ്റ് (95.3 ദശലക്ഷം), ലേഡി ഗാഗ (83.1 ദശലക്ഷം), കിം കര്‍ദാഷിയാന്‍ (75.2 ദശലക്ഷം) തുടങ്ങിയ സെലിബ്രിറ്റികളേക്കാള്‍ മുന്നിലാണ് മോദി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏകദേശം 30 ദശലക്ഷം ഫോളോവേഴ്‌സാണ് മോദിക്ക് എക്‌സില്‍ വര്‍ധിച്ചത്. യൂട്യൂബില്‍ അദ്ദേഹത്തിന് 25 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ 91 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്.
2009ല്‍ എക്സ് അക്കൗണ്ട് എടുത്ത മോദി ഈ പ്ലാറ്റ്‌ഫോമില്‍ വളരെ ആക്ടീവാണ്. നിരവധി സാധാരണ പൗരന്മാരെ പിന്തുടരുന്നു, അവരുമായി ഇടപഴകുന്നു, അവരുടെ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുന്നു. ആരെയും ബ്ലോക്ക് ചെയ്തിട്ടില്ല. പണമടച്ചുള്ള പ്രമോഷനുകളോ ബോട്ടുകളോ അവലംബിക്കാതെ മോദി എല്ലായ്‌പ്പോഴും ഈ പ്ലാറ്റ്‌ഫോം ഓര്‍ഗാനിക് ആയി റീച്ച് നേടുന്നു.
അതേസമയം എക്‌സില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ളത് എക്‌സ് ഉടമയും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌കിനാണ്, 188.7 ദശലക്ഷം! രണ്ടാം സ്ഥാനത്തുള്ള മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് 131 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. ക്രിസ്റ്റിയാനൊ റൊണാള്‍ഡോ (112 ദശലക്ഷം), ജസ്റ്റിന്‍ ബീബര്‍ (110.5 ദശലക്ഷം), റിഹാന (108 ദശലക്ഷം), കാറ്റി പെറി (106.3) എന്നിവരാണ് പിന്നീട് ലിസ്റ്റിലുള്ളത്.