കൊച്ചി:പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപമുണ്ടായ കാറപകടത്തില്‍ മുന്‍ മിസ് കേരളയും റണ്ണര്‍ അപ്പും സുഹൃത്തും മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു.അപകടം നടന്ന സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്ന അജ്ഞാതനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നതെന്നാണ് സൂചന. അതേസമയം മരണപ്പെട്ടവര്‍ പങ്കെടുത്ത പാര്‍ട്ടി നടന്ന ഫോര്‍ട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിന്റെ ഉടമ ഒളിവില്‍ പോയതായാണ് വിവരം. പാര്‍ട്ടി നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. ദൃശ്യങ്ങള്‍ സംഭവത്തിലെ ദുരൂഹത മാറ്റാന്‍ സഹായിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.
ഹോട്ടല്‍ ഉടമയുടെ നിര്‍ദേശപ്രകാരമാണ് സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ്ഡിസ്‌ക് ഒളിപ്പിച്ചതെന്ന് ജീവനക്കാര്‍ മൊഴി നല്‍കിയത് ഉടമയുടെ പ്രവൃത്തിയെ ദുരൂഹമാക്കുകയാണ്. പൊലീസ് പരിശോധന നടത്തിയപ്പോള്‍ പാര്‍ട്ടി ദൃശ്യങ്ങള്‍ മാത്രം സിസിടിവി ദൃശ്യങ്ങള്‍ സ്റ്റോര്‍ ചെയ്ത ഹാര്‍ഡ്ഡിസ്‌കില്‍ ഉണ്ടായിരുന്നില്ല. കംപ്യൂട്ടറിന്റെ പാസ്വേഡും ജീവനക്കാര്‍ പൊലീസിന് കൈമാറിയിരുന്നില്ല. നവംബര്‍ ഒന്നിന് രാത്രി പന്ത്രണ്ടിനാണ് കാര്‍ മരത്തിലിടിച്ച് മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണറപ് അഞ്ജന ഷാജന്‍, സുഹൃത്ത് കെ എ മുഹമ്മദ് ആഷിഖ് എന്നിവര്‍ മരിച്ചത്. കേരളത്തെ ഞെട്ടിച്ച അപകട മരണം എന്ന നിലയില്‍ സംഭവത്തില്‍ ദുരൂഹത നീക്കേണ്ടത് പൊലീസിന്റെ കര്‍ത്തവ്യമാവും.
അജ്ഞാതനോ ഹോട്ടലുടമയോ?
അബ്ദുല്‍ റഹ്‌മാന്‍ ഓടിച്ച കാര്‍ അപകടത്തില്‍ പെട്ടതിനു തൊട്ടുപിന്നാലെ എത്തിയ കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി നോക്കുന്നതും ഉടന്‍ സ്ഥലം വിടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതാരാണെന്ന് വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. ഹോട്ടലുടമയാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്ന് വ്യക്തമായാല്‍ കാര്യങ്ങള്‍ കൂടുതല്‍ ദുരൂഹമാവും. അന്‍സി കബീറിനെയും സംഘത്തെയും ആരെങ്കിലും ദുരൂഹ ലക്ഷ്യങ്ങളോടെ ഫോളോ ചെയ്തിരുന്നോയെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. നിലവില്‍ ലഭിച്ചിട്ടുള്ള അജ്ഞാതന്റെ ദൃശ്യങ്ങള്‍ അത്തരത്തിലുള്ളതാണെന്നാണ് സൂചന.
ഓഡി കാറില്‍ നിന്ന് മരിച്ചവരുടെ സുഹൃത്തായ സൈജോ എന്നയാള്‍ ഇറങ്ങുന്ന ദൃശ്യങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. മരിച്ച മൂന്ന് പേരെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ചേക്കും. ശത്രുക്കളായി ആരെങ്കിലും ഉണ്ടായിരുന്നോയെന്നും പരിശോധിച്ചേക്കും. ഹോട്ടലുടമയെ ചോദ്യം ചെയ്താല്‍ മത്സരയോട്ടവും മദ്യപാനവും സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചേക്കും, പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമാണ്.
ഔഡി ഡ്രൈവറുടെ സുപ്രധാന മൊഴി
വാഹനാപകടം മദ്യലഹരിയില്‍ നടത്തിയ മത്സരയോട്ടത്തില്‍ തന്നെയെന്ന് ഔഡി ഡ്രൈവര്‍ ഷൈജുവാണ് പൊലീസിനോട് സമ്മതിച്ചതിരുന്നു. ഹോട്ടലില്‍ നിന്ന് തമാശയ്ക്കാണ് മത്സരയോട്ടം ആരംഭിച്ചത്. രണ്ടു തവണ അന്‍സിയും സംഘവും ഉള്‍പ്പെട്ട വാഹനമോടിച്ച അബ്ദുള്‍ റഹ്‌മാന്‍ തന്നെ ഓവര്‍ ടേക്ക് ചെയ്തു. ഒരു തവണ താനും അവരെ ഓവര്‍ ടേക്ക് ചെയ്തെന്ന് ഷൈജു പൊലീസിന് മൊഴി നല്‍കി. ഇടപ്പള്ളി എത്തിയപ്പോള്‍ മോഡലുകള്‍ സഞ്ചരിച്ച വാഹനം കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് തിരികെ വന്നപ്പോഴാണ് കാര്‍ അപകടത്തില്‍പ്പെട്ടത് കണ്ടത്. ഉടന്‍ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം അറിയിച്ചിരുന്നെന്നും ഷൈജു മൊഴി നല്‍കി.
അതേസമയം, പാര്‍ട്ടി കഴിഞ്ഞു മടങ്ങുമ്ബോള്‍ ഔഡി കാര്‍ തങ്ങളെ പിന്തുടരുകയായിരുന്നുവെന്നാണ് അബ്ദുള്‍ റഹ്‌മാന്‍ പൊലീസിന് മൊഴി നല്‍കിയത്. ഈ സാഹചര്യത്തിലാണ് ഔഡി കാര്‍ ഓടിച്ച ഷൈജുവിനെ വിശദമായി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ ഏഴു മണിക്കൂറോളം നീണ്ടു നിന്നു. നേരത്തെ ഷൈജുവിനെ ചോദ്യം ചെയ്തപ്പോള്‍ മദ്യപിച്ച് വാഹനമോടിച്ചതിന് മുന്നറിയിപ്പ് നല്‍കാനാണ് പിന്നാലെ പോയതെന്നാണ് പൊലീസിനോട് പറഞ്ഞത്. വീണ്ടും ചോദ്യം ചെയ്തപ്പോഴും സൈജു ഈ കാര്യങ്ങള്‍ ആവര്‍ത്തിച്ചു. എന്നാല്‍ അന്വേഷണത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് മത്സരയോട്ടം നടന്ന വിവരം ഷൈജു സമ്മതിച്ചത്.