കൊച്ചി: മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ മുഖ്യപ്രതി സൈജു എം.തങ്കച്ചനുമായി അടുപ്പമുണ്ടായിരുന്ന യുവതിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കോഴിക്കോട്ടെ രഹസ്യ താവളത്തില്‍നിന്ന് പോലീസ് പിടിയിലായ യുവതി മോഡലുകള്‍ പങ്കെടുത്ത നിശാപാര്‍ട്ടി നടന്ന ഒക്ടോബര്‍ 31നു രാത്രി ഫോര്‍ട് കൊച്ചി നമ്പര്‍ 18 ഹോട്ടലിലുണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ഹോട്ടല്‍ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി ഇടപാടുകളില്‍ യുവതിക്കും പങ്കാളിത്തമുണ്ടെന്നാണു പോലീസിന്റെ നിഗമനം. സൈജുവിനൊപ്പം നിശാപാര്‍ട്ടികളില്‍ സ്ഥിരമായി പങ്കെടുത്തിരുന്ന യുവതി, ലഹരിമരുന്ന് ഇടപാടുകള്‍ക്കു വേണ്ടി സൈജുവിനു 10 ലക്ഷം രൂപ നല്‍കിയ മുംബൈ മലയാളി വനിതയ്ക്കൊപ്പം താമസം തുടങ്ങിയതോടെ സൈജുവില്‍നിന്ന് അകന്നുവെങ്കിലും ലഹരിമരുന്ന് ഇടപാടുകള്‍ തുടര്‍ന്നതായാണ് അന്വേഷണത്തില്‍ വ്യക്തമായത്.
10 ലക്ഷം രൂപ തിരികെ ലഭിക്കാതായപ്പോള്‍ സൈജുവിനെതിരെ വഞ്ചനാക്കുറ്റത്തിനു പരാതി നല്‍കി മുംബൈ സ്വദേശിനി കൊച്ചി വിട്ടിരുന്നു. എന്നാല്‍, നമ്പര്‍ 18 ഹോട്ടലില്‍ ഷൂട്ട് ചെയ്ത സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് സൈജു അവരെ ഭീഷണിപ്പെടുത്തി പരാതിയില്‍നിന്നു പിന്മാറ്റിയെന്നു പോലീസ് പറയുന്നു.
അതേസമയം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. കാറോടിച്ചിരുന്ന അബ്ദുള്‍റഹ്‌മാന്‍ ഒന്നാം പ്രതിയാകും. കാറിനെ പിന്തുടര്‍ന്ന സൈജു എം. തങ്കച്ചന്‍ രണ്ടാം പ്രതിയാകും. ഏഴ് പ്രതികളാണുള്ളത്. നമ്പര്‍ 18 ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായിട്ടില്ല. പാര്‍ട്ടി നടത്തിയ ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയ് ജെ. വയലാറ്റാണ് മൂന്നാം പ്രതി. ഹോട്ടല്‍ ജീവനക്കാരാണ് നാലുമുതല്‍ ഏഴുവരെ പ്രതികള്‍.
പാര്‍ട്ടിയില്‍ ഉന്നതരടക്കം പങ്കെടുത്തുവെന്ന് സംശയങ്ങള്‍ പലതുമുണ്ടായിട്ടും പോലീസ് അതെല്ലാം നിരാകരിക്കുകയാണ് ചെയ്തത്.ദുരൂഹതയും വ്യക്തതയില്ലായ്മകളും പലതുമുണ്ടായിട്ടും പോലീസ് അതൊന്നും പരിഗണിച്ചില്ല. മാധ്യമങ്ങളും ജനങ്ങളും വിഷയം ചര്‍ച്ച ചെയ്തതോടെയാണ് അന്വേഷണം കാറിനെ പിന്തുര്‍ന്ന സൈജുവിലേക്ക് തിരിക്കുന്നത്.
കേസില്‍ ആദ്യം മുതല്‍ പോലീസിന്റെ ഭാഗത്തു നിന്ന് ഉദാസീനതയും പലതും അവഗണിക്കാനുള്ള നീക്കവുമാണ് ഉണ്ടായിരുന്നത്. പോലീസിലെ ഉന്നതോദ്യോഗസ്ഥര്‍ ഹോട്ടലിലെ പാര്‍ട്ടിയിലുണ്ടായിരുന്നു എന്നും ആരോപണമുയര്‍ന്നു. അതിനാലാണ് ചിലയിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ മാത്രം കാണാതായതെന്നാണ് ആരോപണം. ദൃശ്യങ്ങള്‍ക്കു വേണ്ടി വലിയ അന്വേഷണങ്ങള്‍ നടത്തി എന്ന് വരുത്തിത്തീര്‍ത്ത് അവ വിട്ടുകളയുകയാണ് പോലീസ് ചെയ്തത്.