ധരിച്ചിരിക്കുന്ന ടീഷര്‍ട്ടില്‍ നിന്നു ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വഴിയൊരുക്കുകയാണ് ഒരുപറ്റം ഗവേഷകര്‍. ടീഷര്‍ട്ട് മെറ്റീരിയലായ നൈലോണ്‍ തുണിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വഴി കണ്ടെത്തിയിരിക്കുകയാണ് ഇവര്‍.
യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്ന പീസോഇലക്ട്രിസിറ്റി എന്ന പ്രതിഭാസമാണ് നൈലോണ്‍ തുണിയിലൂടെ മൊബൈല്‍ ചാര്‍ജ്ജിങ് സാധ്യമാക്കുന്നത്. ലളിതമായി പറഞ്ഞാല്‍ ഒരു പീസോഇലക്ട്രിക് വസ്തുവില്‍ ഒന്ന് തട്ടിയാല്‍ പോലും അത് വൈദ്യുതോര്‍ജ്ജമായി മാറ്റപ്പെടും.
ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന വൈദ്യുതോര്‍ജ്ജം സര്‍ക്യൂട്ട് വഴി ഒരു കപ്പാസിറ്ററില്‍ ശേഖരിക്കുകയും പിന്നീട് മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാനായി ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. പീസോഇലക്ട്രിക് സവിശേഷതയുള്ള വസ്ത്രം ധരിച്ച് ഒന്ന് കൈ അനക്കിയാല്‍ പോലും അത് വൈദ്യുതോത്പാദനത്തിന് സഹായിക്കും. പീസോഇലക്ട്രിക് സ്വഭാവമുള്ള നൈലോണ്‍ ഫൈബറുകള്‍ തയ്യാറാക്കുകയാണ് ഇതിലെ വെല്ലുവിളി.
തുണിയില്‍ നിന്ന് നിര്‍മ്മിക്കുന്ന വൈദ്യുതി പോക്കറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന ബാറ്ററിയില്‍ ശേഖരിക്കുന്നതരത്തിലാകും ഇവയുടെ നിര്‍മാണം. ഭാവിയില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ ടീഷര്‍ട്ടില്‍ നിന്നുപോലും ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുമെന്ന് പറയുകയാണ് ഗവേഷകര്‍.