
ചെന്നൈ ∙ വീട്ടുജോലിക്കാരിയെ മർദിക്കുകയും പൊള്ളലേൽപിക്കുകയും ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന ഡിഎംകെ എംഎൽഎയുടെ മകനും മരുമകളും അറസ്റ്റിലായി. ദലിത് യുവതിയെ മർദിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ പട്ടികജാതി അതിക്രമ നിരോധന നിയമം ഉൾപ്പെടെ 6 വകുപ്പുകളിലായി പൊലീസ് കേസെടുത്തിരുന്നു.
ഉളുന്ദൂർപ്പെട്ട് സ്വദേശിനി രേഖ (18)യാണ് ഇവരുടെ ഉപദ്രവത്തിന് ഇരയായത്. രേഖയുടെ മാതാവ് ചെന്നൈയിലെ ഒരു വീട്ടിൽ വീട്ടുജോലി ചെയ്യുകയാണ്. 12–ാം ക്ലാസ് പൂർത്തിയാക്കിയ രേഖ ഏഴു മാസം മുൻപാണ് ചെന്നൈ തിരുവാൺമിയൂരിലുള്ള ആന്റോയുടെ വീട്ടിൽ ജോലിക്കായി എത്തിയത്. ദലിത് പെൺകുട്ടിയെ എംഎൽഎയുടെ മകനും മരുമകളും ചേർന്ന് മർദിച്ചെന്നും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചെന്നുമാണ് പരാതി.
സംഭവം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പൊങ്കലിനായി വീട്ടിലെത്തിയപ്പോഴാണു പെൺകുട്ടി നേരിട്ടിരുന്ന പീഡനം പുറത്തറിഞ്ഞത്.
തുടർന്ന് ഉളുന്ദൂർപ്പെട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് തിരുവാൺമിയൂർ പൊലീസ് കേസെടുത്തത്.