CrimeNational

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത്ഭുതസിദ്ധി; സ്വയംപ്രഖ്യാപിത ആള്‍ദൈവവും കൂട്ടാളികളും പിടിയില്‍

ഹൈദരാബാദ്: തെലങ്കാനയിലെ സ്വയംപ്രഖ്യാപിത ആൾദൈവം വിശ്വ ചൈതന്യ സ്വാമി അറസ്റ്റിൽ. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്നും വഞ്ചിച്ചെന്നുമുള്ള പരാതിയിലാണ് സ്വാമിയെ നൽഗോണ്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൂന്ന് കൂട്ടാളികളും പിടിയിലായിട്ടുണ്ട്.

സ്വാമിയുടെ നൽഗോണ്ടയിലെ പിഎ പള്ളി മണ്ഡലിൽ പ്രവർത്തിക്കുന്ന ശ്രീസായി മാനസി ചാരിറ്റബിൾ ട്രസ്റ്റ് ആശ്രമം പോലീസ് കഴിഞ്ഞ ദിവസം റെയ്ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സ്വാമിയെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തത്. ആശ്രമത്തിൽനിന്ന് 26 ലക്ഷം രൂപയും 500 ഗ്രാം സ്വർണവും സ്ഥിരനിക്ഷേപങ്ങളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനുപുറമേ 17 ഏക്കറോളം വരുന്ന ഭൂമിയുടെ രേഖകളും ഏഴ് ലാപ്ടോപ്പുകളും നാല് മൊബൈൽ ഫോണുകളും ഒരു കാറും പൂജാസാധനങ്ങളും ചില ഔഷധങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാം ഭാര്യയുടെ പേരിൽ ഇയാൾക്ക് 1.3 കോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വിശ്വ ചൈതന്യ സ്വാമിക്കെതിരേ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. 11 സ്ത്രീകളെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. താനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അത്ഭുതസിദ്ധി ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു സ്ത്രീകളെ ചൂഷണത്തിനിരയാക്കിയിരുന്നത്.

ഹൈദരാബാദിൽ ജനിച്ചുവളർന്ന വിശ്വചൈതന്യ സ്വാമി ബി.ടെക്ക് ബിരുദധാരിയാണെന്നാണ് പോലീസ് പറയുന്നത്. പഠനത്തിന് ശേഷം ഹൈദരാബാദിൽ സോഫ്റ്റ് വെയർ എൻജിനീയറായി ജോലിചെയ്തിരുന്നതായും വിവരമുണ്ട്. ഇതിനിടെ ഹൈദരാബാദിലെ നമ്പള്ളി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ ഒരു കോടി രൂപയുടെ വഞ്ചനാക്കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ അറസ്റ്റിലായി 20 ദിവസം ജയിലിൽ കഴിയുകയും ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം സ്വയം പ്രഖ്യാപിത ആൾദൈവമായി മാറുകയായിരുന്നു.ടി.വി. ചാനലുകളിലെ പരിപാടികളിലൂടെയും യൂട്യൂബ് ചാനലിലൂടെയുമാണ് സ്വാമി പ്രശസ്തി നേടിയത്. ഓൺലൈൻ വഴിയും വിശ്വാസികൾക്ക് ദർശനം നൽകിയിരുന്നു.

സാമ്പത്തികമായി ഉയർന്നനിലയിലുള്ള കുടുംബങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഇവരെ നിരന്തരമായി സന്ദർശിച്ച് തന്റെ അനുയായികളാക്കി മാറ്റി. ഉന്നത കുടുംബങ്ങളിലെ സ്ത്രീകളുമായും അടുപ്പം സ്ഥാപിച്ചു. ഇവരിൽനിന്ന് സംഭാവനയെന്ന പേരിൽ വൻതുകകളും കൈക്കലാക്കി. ഇതിനുപുറമേ വ്യാജ ഔഷധ വിൽപ്പനയും ഇയാൾക്കുണ്ടായിരുന്നു. പ്രാദേശികമായി ലഭിക്കുന്ന നിലവാരം കുറഞ്ഞ ഓയിലുകളും മറ്റുമാണ് ഉയർന്നവിലയ്ക്ക് ഇയാൾ അനുയായികൾക്ക് വിറ്റിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button