ഒരാള്‍ക്ക് 9 മൊബൈല്‍ കണക്ഷന്‍ വരെ, പത്താമത്തേത് മുതല്‍ റദ്ദാക്കും; നിരീക്ഷണം കടുപ്പിക്കാന്‍ ടെലികോം മന്ത്രാലയം
ന്യൂഡല്‍ഹി: ഒരാള്‍ക്ക് 9 മൊബൈല്‍ കണക്ഷനുകള്‍ വരെ ആകാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. 9 കണക്ഷനുകളില്‍ കൂടുതലുള്ള ഉപയോക്താക്കളുടെ നമ്ബറുകള്‍ പുനഃപരിശോധന നടത്തണമെന്ന് മൊബൈല്‍ സേവനദാതാക്കള്‍ക്ക് കേന്ദ്ര ടെലികോം മന്ത്രാലയം നിര്‍ദേശം നല്‍കി.
ജമ്മു, അസം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് ആറ് കണക്ഷനാണ്. പരിശോധനാ ഘട്ടത്തില്‍ മൊബൈല്‍ സേവനം തടയാന്‍ പാടില്ല. ഓണ്‍ലൈന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം എന്തെങ്കിലും പ്രശ്‌നം കണ്ടെത്തിയാല്‍ കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ നടപടി സ്വീകരിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
മൊബൈല്‍ ഫോണ്‍ വഴിയുള്ള തട്ടിപ്പുകളും മറ്റും ശക്തമാകുന്ന സാഹചര്യത്തിലാണ് ടെലികോം മന്ത്രാലയം നിരീക്ഷണം ശക്തമാക്കുന്നത്. സ്പാം മെസേജുകള്‍ വ്യാപിക്കുകയും ഒരാളുടെ രേഖകള്‍ ഉപയോഗിച്ചു മറ്റു പലരും നമ്ബറുകളെടുക്കുന്നതും വ്യാപകമാണ്. ഇതെല്ലാം തടയുകയാണ് ലക്ഷ്യം.
റീവെരിഫിക്കേഷന്‍ നടപടികള്‍ 30 ദിവസത്തില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഔട്ട്‌ഗോയിങ് സേവനം വിച്ഛേദിക്കപ്പെടും. ടെലികോം കമ്ബനികളാണ് സംശയമുള്ള നമ്ബറുകളും കണക്ഷനുകളും കണ്ടെത്തേണ്ടത്. ഇക്കാര്യം നമ്ബര്‍ ഉടമകളെ അറിയിക്കണം. ഓണ്‍ലൈന്‍ വഴി നമ്ബറുകള്‍ പുനപരിശോധിക്കാന്‍ ക്രമീകരണം നല്‍കണം.
ഉപയോഗിക്കാത്ത നമ്പറുകള്‍ വിച്ഛേദിക്കുകയും ബന്ധുക്കളും മറ്റും ഉപയോഗിക്കുന്നതാണെങ്കില്‍ അതു ട്രാന്‍സ്ഫര്‍ ചെയ്യുകയും വേണം. ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും ഈ ഉപയോക്താവിന് 9ല്‍ കൂടുതല്‍ നമ്ബറുണ്ടെന്നു ശ്രദ്ധയില്‍പ്പെട്ടാല്‍ പത്താമത്തെ കണക്ഷന്‍ മുതലുള്ളതു റദ്ദാക്കപ്പെടും.
എന്നാല്‍ പൊലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും വിവിധ ധനകാര്യ സ്ഥാപനങ്ങളും പരാതി ഉയര്‍ത്തുന്ന നമ്ബറുകള്‍ പരിശോധന കൂടാതെ തന്നെ വിച്ഛേദിക്കപ്പെടും. റീവെരിഫിക്കേഷന്‍ നടപടികള്‍ 30 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഔട്ട്‌ഗോയിങ് സേവനം വിച്ഛേദിക്കപ്പെടും. 45 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ ഇന്‍കമിങ് സേവനങ്ങളും വിച്ഛേദിക്കും.