NationalNews

20 രാജ്യങ്ങളിലായി ഇരുന്നൂറിലേറെ പേർക്ക് കുരങ്ങുപനി; ജാഗ്രത കടുപ്പിച്ച് ആരോഗ്യ മന്ത്രാലയം

ദില്ലി: ഇരുപത് രാജ്യങ്ങളിലായി ഇരുന്നൂറിലേറെ പേർക്ക് കുരങ്ങുപനി (Monkeypox) സ്ഥിരീകരിച്ചതോടെ ജാഗ്രത കടുപ്പിച്ച് ആരോഗ്യ മന്ത്രാലയം. കുരങ്ങുപനിയെ നേരിടാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

ഉത്തർപ്രദേശ് ആരോഗ്യ വകുപ്പ് കുരങ്ങുപനിയുടേതിന് സമാനമായ ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ ചികിത്സിക്കുന്നതിനുള്ള മാർഗ്ഗനിർദേശം പുറപ്പെടുവിച്ചു. രോഗികളെ ചികിത്സിക്കുന്നതിനും, സാമ്പിൾ പരിശോധിക്കുന്നതിനുമുള്ള മാർഗ്ഗനിർദേശങ്ങളാണ് ആശുപത്രികൾക്ക് നൽകിയത്. രാജ്യത്ത് ഇതുവരെ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഐസിഎംആർ നേരത്തെ അറിയിച്ചിരുന്നു.

നിലവിൽ കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കടുത്ത ജാഗ്രതയോടെയാണ് ഇന്ത്യ രോഗത്തെ കാണുന്നതെന്ന് ഐസിഎംആർ അറിയിച്ചു.  കുരങ്ങുപനി ബാധിത രാജ്യങ്ങളിലേക്ക് യാത്രാ നടത്തിയവരും പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നവരും സ്വയം പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഐസിഎംആർ ഗവേഷക ഡോ. അപർണ മുഖർജി ആവശ്യപ്പെട്ടു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വളരെ അടുത്തിടപഴകുന്നതിലൂടെ മാത്രമേ രോഗബാധ ഉണ്ടാകൂ എന്നും രാജ്യത്ത് നിലവിൽ കേസുകൾ ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സഹാചര്യമില്ലെന്നും ഐസിഎംആർ അറിയിച്ചു. രാജ്യത്ത് രോഗബാധ ഉണ്ടായാൽ നേരാടൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ രോഗബാധയുടെ സാഹചര്യം ഇന്ത്യ നിരീക്ഷിച്ച് വരികയാണെന്നും ഐസിഎംആർ വ്യക്തമാക്കി.

എന്താണ് മങ്കിപോക്സ് ? 

കുരങ്ങ് പനി അഥവാ മങ്കി പോക്സ്, സ്മാൾ പോക്സ് പോലുള്ള അസുഖമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ 1970 ലാണ് മങ്കിപോക്സ് അണുബാധ കേസുകൾ ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം 11 ആഫ്രിക്കൻ രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ വന്യമൃഗങ്ങളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടർന്നത്. രോഗം ബാധിച്ചയാൾ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നത്. കടുത്ത പനി, കടുത്ത തലവേദന, പുറം വേദന, പേശികളിൽ വേദന തുടങ്ങിയവയാണ് മങ്കി പോക്‌സിന്റെ ലക്ഷണങ്ങൾ.

അനന്തരം ദേഹമാകമാനം സ്മോൾ പോക്സ് വന്നാലെന്ന പോലെ കുരുക്കൾ ഉണ്ടാവുകയും ചെയ്യും. മുഖത്ത് പ്രത്യക്ഷപ്പെട്ട ഉടൻ കൈകളിലേക്കും മറ്റ് ശരീരഭാഗങ്ങളിലൂടെ കാലുകളിലേക്കും ഇവ വ്യാപിക്കും. പിന്നീട് ഇവ ദ്രാവകം നിറഞ്ഞ ചെറിയ കുമിളകളായി പരിണമിക്കുകയും ചെയ്യും.

 എങ്ങനെ പ്രതിരോധിക്കാം…

1. കുരങ്ങുകളുമായി അല്ലെങ്കിൽ മറ്റു വന്യ മൃഗങ്ങളുമായി സമ്പർക്കമുണ്ടാവാനുളള സാഹചര്യങ്ങൾ ഒഴിവാക്കുക

2. ഏതെങ്കിലും സാഹചര്യത്തിൽ മൃഗങ്ങളുടെ കടിയോ നഖം തട്ടാനോ ഇടയായാൽ സോപ്പും വെള്ളമുപയോഗിച്ച് 15 മിനിറ്റെങ്കിലും വൃത്തിയായി കഴുകുക

3. മാംസാഹാരം നല്ലവണ്ണം വേവിച്ചു മാത്രം കഴിക്കുക

4. അസുഖമുള്ള മൃഗങ്ങളെ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കുക   

5. മൃഗങ്ങളെ തൊട്ടത്തിന് ശേഷം കൈ വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.

6, ചുണങ്ങോ പനിയോ ഉള്ള ഒരു വ്യക്തിയുമായി സമ്പർക്കം ഒഴിവാക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker