തിരുവനന്തപുരം: കൊച്ചിയിലെ മാലിന്യം തള്ളുന്ന ബ്രഹ്മപുരത്ത് ഇപ്പോൾ വേണമെങ്കിൽ ക്രിക്കറ്റ് കളിയ്ക്കാമെന്ന് മന്ത്രി എംബി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മാലിന്യമലകൾ നീക്കിയ ബ്രഹ്മപുരത്ത് മേയർ എം അനിൽ കുമാറിനും പി വി ശ്രീനിജൻ എംഎൽഎയ്ക്കുമൊപ്പം ക്രിക്കറ്റ് കളിച്ചപ്പോൾ എന്ന അടിക്കുറിപ്പോടെ മന്ത്രി ചിത്രവും പങ്കുവെച്ചു. കൊച്ചി നഗരസഭയും സംസ്ഥാന സർക്കാറും ഏറെ പഴികേട്ട സംഭവമായിരുന്നു ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. തുടർന്ന് പ്ലാന്റ് വ്യാപകമായ ചർച്ചക്ക് കാരണമായിരുന്നു.
കൊച്ചിയിലെ മാലിന്യ പ്രശ്നത്തില്‍ പലതവണ ഹൈക്കോടതി അധികൃതര്‍ക്ക് താക്കീത് നല്‍കിയതോടെ മാലിന്യം നീക്കം ചെയ്യുന്നതും സംസ്കരിക്കുന്നതും മെച്ചപ്പെട്ടു. പേരണ്ടൂര്‍ കനാലില്‍ അടിഞ്ഞുകൂടിയെ കുറേയെറെ മാലിന്യം നീക്കം ചെയ്തു. ആഴം കൂട്ടിയ എങ്കിലും ഉപകനാലുകളിലെ കയ്യേറ്റവും വലിച്ചെറിയുന്ന മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതുമെല്ലാം പ്രതിസന്ധിയാണ്.
നഗരത്തിലാകെ 13 കല്‍വേര്‍ട്ടുകള്‍ റെയില്‍വെയുടെ സ്ഥലത്തുകൂടി കടന്നുപോകുന്നുണ്ട്. ഇവിടങ്ങളില്‍ റെയില്‍വെയുടെ കൂടി ഇടപെടലുണ്ടെങ്കിലേ ശുചീകരണം പൂര്‍ത്തിയാവുകയുള്ളു. മുല്ലശ്ശേരി കനാലിലും കാരണക്കോടം തോട്ടില്ലും മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്ന പ്രതിസന്ധിയുണ്ട്. ബിപിസിഎല്‍ സ്ഥാപിക്കുന്ന സിബിജി പ്ലാന്‍റിന്‍റെ നിര്‍മാണം ബ്രഹ്മപുരത്ത് പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തില്‍ 150 ടണ്‍ ജൈവ മാലിന്യം സംസ്കരിക്കാന്‍ ശേഷിയുണ്ടാകും. വീടുകള്‍ കയറിയുള്ള ജൈവ- അജൈവ മാലിന്യശേഖരണം മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും നഗരത്തില്‍ പലയിടങ്ങളിലും കവറിലും ചാക്കിലുമെല്ലാം കൂട്ടിയിട്ട മാലിന്യങ്ങള്‍ സ്ഥിരം കാഴ്ചയാണ്.