ചങ്ങനാശേരി: നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി അതിഥി തൊഴിലാളികള്‍ പായിപ്പാട്ട് കൂട്ടമായി പ്രതിഷേധിക്കാനുണ്ടായ സാഹചര്യം ആസൂത്രിതമാണെന്ന് മന്ത്രി പി.തിലോത്തമന്‍. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചങ്ങനാശേരി റസ്റ്റ്ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. പത്തനംതിട്ടയില്‍ ഉള്ള തൊഴിലാളികള്‍ വരെ പായിപ്പാട്ടെത്തി. ഇത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്- മന്ത്രി പറഞ്ഞു.
ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാംപുകളിലെ സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും അവരുടെ എല്ലാ ആവശ്യങ്ങളും സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കളക്ടര്‍ പി.കെ.സുധീര്‍ ബാബു യോഗത്തെ അറിയിച്ചിരുന്നു. തൊഴിലാളികളെ നാടുകളിലേക്ക് അയക്കുമെന്ന് വ്യാജ സന്ദേശം പ്രചരിപ്പിക്കപ്പെട്ടിരുന്നു. സമയം അടക്കം പരാമര്‍ശിച്ചായിരുന്നു സന്ദേശം പ്രചരിപ്പിച്ചതെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു.
കോട്ടയം കളക്ടര്‍ക്കു പുറമേ പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, കോട്ടയം എസ്പി ജയദേവ് ഐപിഎസ്, പത്തനംതിട്ട സബ്കളക്ടര്‍, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍, സിപിഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.