KeralaNews

വീണ്ടും കാണാമെന്നും സംസാരിക്കാമെന്നും പറഞ്ഞാണ് അന്ന് പിരിഞ്ഞത്; ചായവിറ്റ് ലോകം ചുറ്റിയ വിജയനെ കുറിച്ച് മന്ത്രി റിയാസ്

കൊച്ചി:ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയൻറെ മരണത്തിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അനുശോചനം രേഖപ്പെടുത്തി. വിയോഗം ഞെട്ടലോടെയാണ് കേട്ടത്. ഇനിയും ഒരുപാട് സ്വപ്നങ്ങൾ ഈ സഞ്ചാരി മനസ്സിൽ സൂക്ഷിച്ചിരുന്നെന്നും റിയാസ് പറഞ്ഞു.

സെപ്റ്റംബർ 30 ന് എറണാകുളം ഗാന്ധി നഗറിലെ ചായക്കട സന്ദർശിച്ചപ്പോൾ അദ്ദേഹത്തോട് ഏറെ നേരം സംസാരിച്ചിരുന്നു. കേരള ടൂറിസത്തിൽ നടപ്പിലാക്കേണ്ട ആശയങ്ങൾ ചർച്ച ചെയ്തു. റഷ്യൻ യാത്ര കഴിഞ്ഞ് വീണ്ടും കാണാമെന്നും ടൂറിസം രംഗത്തെ സംബന്ധിച്ച് കുറെയേറെ സംസാരിക്കാമെന്നും പറഞ്ഞാണ് അന്ന് പിരിഞ്ഞതെന്നും മന്ത്രി കുറിച്ചു.

ഹൃദയാഘാതത്തെ തുടർന്നാണ് വിജയൻ മരിച്ചത്. കൊച്ചികടവന്ത്രയ്ക്കടുത്ത് ഗാന്ധിനഗറിൽ ശ്രീ ബാലാജി കോഫി ഹൗസെന്ന ചായക്കട നടത്തുന്ന വിജയൻ 16 വർഷം കൊണ്ട് ഭാര്യ മോഹനയോടൊപ്പം സന്ദർശിച്ചത് 26 രാജ്യങ്ങളാണ്. 2007 ലായിരുന്നു ആദ്യ വിദേശയാത്ര. ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദർശനം. യാത്രയെ ജീവനുതുല്ല്യം സ്‌നേഹിക്കുന്നവരാണ് ഈ ദമ്പതികൾ. കോഫി ഷോപ്പിലെ വരുമാനത്തിൽ നിന്ന് ദിവസവും 300 രൂപ മാറ്റിവെച്ചും, അത്യാവശ്യത്തിന് ബാങ്ക് ലോണെടുത്തുമായിരുന്നു ഇവരുടെ യാത്രകൾ.

യുഎസ്എ, സിങ്കപ്പൂർ, സ്വിറ്സ്റ്റ്റ്ലാൻഡ്, ബ്രസീൽ, അർജന്റീന, ചിലി, ജർമനി എന്നിങ്ങനെ നീളുന്നു യാത്ര ചെയ്ത രാജ്യങ്ങൾ. അമേരിക്ക, സ്വിറ്റിസർലാൻഡ്, സിങ്കപ്പൂർ എന്നിവ യാത്ര ചെയ്തതിൽ വച്ച് ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങൾ ആയിരുന്നു. കഴിഞ്ഞ മാസം റഷ്യയിലേക്കാണ് ഭാര്യയുമൊത്ത് അവസാനമായി യാത്ര നടത്തിയത്.

ശ്രീ ബാലാജി കോഫി ഹൗസിന്റെ ചുവരുകൾ വിജയനും മോഹനയും സന്ദർശിച്ച രാജ്യങ്ങളുടെ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി യാത്രകൾ ചെയ്തിട്ടുള്ള ഇവർ യാത്രാ പ്രേമികൾക്കും എന്നും പ്രചോദനമായിരുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ്

ചായക്കട നടത്തി ലോകം മുഴുവൻ സഞ്ചരിച്ച വിജയേട്ടൻ അന്തരിച്ചു. അദ്ദേഹത്തിൻ്റെ വിയോഗം ഞെട്ടലോടെയാണ് കേട്ടത്. ഇനിയും ഒരുപാട് സ്വപ്നങ്ങൾ ഈ സഞ്ചാരി മനസ്സിൽ സൂക്ഷിച്ചിരുന്നു. സെപ്റ്റംബർ 30 ന് എറണാകുളം ഗാന്ധി നഗറിലെ ചായക്കട സന്ദർശിച്ചപ്പോൾ അദ്ദേഹത്തോട് ഏറെ നേരം സംസാരിച്ചിരുന്നു. ചായക്കട നടത്തി കിട്ടുന്ന വരുമാനം കൊണ്ട് 25 ലോക രാജ്യങ്ങൾ സഞ്ചരിച്ച വിജയേട്ടനും മോഹനാമ്മയും റഷ്യയിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു അപ്പൊൾ. മധുരമേറിയ യാത്രാനുഭവങ്ങളും രുചികരമായ ഭക്ഷണവും നൽകിയാണ് അവർ സ്വീകരിച്ചത്. ഒട്ടേറെ യാത്രാനുഭവങ്ങൾ പങ്കുവെച്ചു. കേരള ടൂറിസത്തിൽ നടപ്പിലാക്കേണ്ട ആശയങ്ങൾ ചർച്ച ചെയ്തു. റഷ്യൻ യാത്ര കഴിഞ്ഞ് വീണ്ടും കാണാമെന്നും ടൂറിസം രംഗത്തെ സംബന്ധിച്ച് കുറെയേറെ സംസാരിക്കാമെന്നും പറഞ്ഞാണ് അന്ന് പിരിഞ്ഞത്.
പക്ഷേ..
പ്രിയപ്പെട്ട വിജയേട്ടന്
ആദരാഞ്ജലികൾ..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker