പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് ഒറ്റയടിക്ക് പത്തിരട്ടിയായി വര്‍ധിപ്പിച്ചു; മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ സര്‍വ്വീസ് ചാര്‍ജ്
തിരുവനന്തപുരം: പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകളില്‍ ഇനി 500 രൂപ മിനിമം ബാലന്‍സ് ഉണ്ടായിരിക്കണം. മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. ഓരോ വര്‍ഷവും 100 രൂപ വീതമാണ് ഈടാക്കുക. നേരത്തെ 50 രൂപയായിരുന്നു മിനിമം ബാലന്‍സായി വേണ്ടിയിരുന്നത്. മൂന്നുവര്‍ഷം മിനിമം ബാലന്‍സ് ഇല്ലാതിരുന്നാല്‍ അക്കൗണ്ട് റദ്ദാക്കും. വര്‍ഷത്തില്‍ ഒരു ഇടപാടെങ്കിലും നടത്തണമെന്നും നിബന്ധനയുണ്ട്. ഡിസംബറിന് മുമ്പ് മിനിമം ബാലന്‍സ് 500 രൂപയാക്കി നിലനിര്‍ത്താന്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒരു വര്‍ഷം സൗജന്യമായി ലഭിക്കുന്ന ചെക്ക് ലീഫുകളുടെ എണ്ണം 10 ആയി കുറച്ചു. അധിക ചെക്ക്ലീഫിന് പണം അടയ്ക്കണം. എടിഎം കാര്‍ഡിന് വാര്‍ഷിക ഫീസ് ഈടാക്കിത്തുടങ്ങുമെന്നും സൂചനയുണ്ട്. സാധാരണക്കാര്‍ക്ക് സേവന നിരക്കുകളില്ലാതെ മികച്ച ബാങ്കിങ് സേവനം എന്ന ലക്ഷ്യത്തോടെ 2018 ലാണ് തപാല്‍ ബാങ്ക് ആരംഭിച്ചത്. രാജ്യത്ത് ഏതാണ്ട് 1.5 ലക്ഷം തപാല്‍ ഓഫീസുകളിലായി 9 കോടി അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് കണക്ക്. 500 കോടി രൂപയിലേറെ നിക്ഷേപവുമുണ്ട്. ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക് ഇടപാടുകളിലെ നിരക്കുകളില്‍ വ്യത്യാസം വരുത്തിയിട്ടില്ല.