KeralaNews

ദുരിതാശ്വാസകേന്ദ്രത്തിനായി കരുതിവെച്ച സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂര പാറിപ്പോയി; സംഹാരരൂപം പൂണ്ട് മില്‍ട്ടണ്‍

വാഷിംഗ്ടണ്‍: ഫ്‌ളോറിഡയിലുടനീളം ആഞ്ഞടിച്ച് മില്‍ട്ടണ്‍ ചുഴലിക്കാറ്റ്. നിരവധി പേര്‍ മരിച്ചതായാണ് വിവരം. 'നൂറ്റാണ്ടിലെ കൊടുങ്കാറ്റ്' എന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വിശേഷിപ്പിച്ച മില്‍ട്ടണ്‍ സര്‍വസംഹാര രൂപത്തിലാണ് കരതൊട്ടത്. ഹെലന്‍ ചുഴലിക്കാറ്റില്‍ നിന്ന് പതിയെ മുക്തരാകുന്ന ടാമ്പ ബേ, സരസോട്ട എന്നീ നഗരങ്ങളില്‍ കനത്ത നാശമാണ് മില്‍ട്ടണ്‍ ഉണ്ടാക്കിയത്.

പലസ്ഥലത്ത് നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. സരസോട്ട കൗണ്ടിയിലെ സിയസ്റ്റ കീയ്ക്ക് സമീപം കരയില്‍ എത്തിയപ്പോള്‍ ചുഴലിക്കാറ്റ് അതിശക്തമായി വീശിയടിക്കാന്‍ തുടങ്ങുകയായിരുന്നു എന്ന് യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. വീശിയടിച്ച മില്‍ട്ടന്റെ ശക്തിയില്‍ ട്രോപ്പിക്കാന ഫീല്‍ഡിന്റെ മേല്‍ക്കൂര തകരുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.

ഫ്‌ലോറിഡയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മേജര്‍ ലീഗ് ബേസ്‌ബോള്‍ സ്റ്റേഡിയമാണിത്. ദുരന്ത ബാധിതരെ ചുഴലിക്കാറ്റിന് ശേഷം താല്‍ക്കാലികമായി ഈ സ്റ്റേഡിയത്തില്‍ പാര്‍പ്പിക്കാം എന്നായിരുന്നു അധികൃതര്‍ കണക്കുകൂട്ടിയിരുന്നത്. അതേസമയം ഇന്നലത്തേതില്‍ നിന്ന് മില്‍ട്ടന്റെ ശക്തി ഇന്ന് കുറഞ്ഞിട്ടുണ്ട്. 233.355 കിലോമീറ്റര്‍ വേഗതയില്‍ നിന്ന് നിന്ന് 193 കിലോമീറ്ററായി ആയി മില്‍ട്ടന്റെ ശക്തി കുറഞ്ഞിരുന്നു.

ഫ്ലോറിഡയെത്തുമ്പോള്‍ മില്‍ട്ടന്റെ വേഗം 123 കിലോ മീറ്ററിലെക്കും കുറഞ്ഞു. എന്നാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നതിനാല്‍ നാശനഷ്ടങ്ങള്‍ കൂടുതല്‍ വ്യാപകമാകുന്നു എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കാറ്റഗറി 1 ല്‍ ആണ് മില്‍ട്ടണെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ കാറ്റഗറി 5 ല്‍ ആയിരുന്നു മില്‍ട്ടണെ പട്ടികപ്പെടുത്തിയിരുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ 125 വീടുകളാണ് ഫ്‌ളോറിഡയില്‍ നശിച്ചത്.

നഗരത്തിലുടനീളം വ്യാപകമായി വൈദ്യുതി ബന്ധം നഷ്ടമായി. യു എസ് എ ടുഡേ പവര്‍ ഔട്ടേജ് ഡാറ്റ പ്രകാരം വ്യാഴാഴ്ച പുലര്‍ച്ചെ വരെ 2.7 ദശലക്ഷത്തിലധികം ആളുകള്‍ ഇരുട്ടിലായിരുന്നു. മില്‍ട്ടണ്‍ ചുഴലിക്കാറ്റിന്റെ ഏറ്റവും വലിയ ആഘാതം ടാമ്പയിലായിരിക്കും എന്നായിരുന്നു നിഗമനം. എന്നാല്‍ ടാമ്പയില്‍ താരതമ്യേന നാശനഷ്ടങ്ങള്‍ കുറവാണ് എന്നാണ് വിവരം. എന്നാല്‍ കാറ്റിനൊപ്പം ശക്തമായ മഴ പെയ്യാന്‍ തുടങ്ങിയത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.

വീണുകിടക്കുന്ന വൈദ്യുതി ലൈനുകളും മറ്റും അപകടങ്ങളുണ്ടാക്കുമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വെള്ളപ്പൊക്കത്തിന് സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം നിര്‍ദേശിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആറ് വിമാനത്താവളങ്ങള്‍ അടച്ചു. 2000 ത്തിലേറെ വിമാന സര്‍വീസുകളും റദ്ദാക്കി.

സെപ്റ്റംബര്‍ അവസാനം വീശിയടിച്ച ഹെലന്‍ ചുഴലിക്കാറ്റിന് പിന്നാലെയാണ് മില്‍ട്ടന്റെ വരവ്. രണ്ട് ചുഴലിക്കാറ്റുകളും ഫ്‌ളോറിഡയെ സംബന്ധിച്ച് വലിയ ആഘാതമാണ് വരുത്തിവെച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker