ഇടുക്കി: വണ്ടിപ്പെരിയാറിനു സമീപം ഗ്രാമ്പിയില്‍ പാറയിടുക്കില്‍ ഒളിപ്പിച്ച നിലയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനക്കൊമ്പുകള്‍ വനംവകുപ്പ് കണ്ടെത്തി. എരുമേലി റേഞ്ചിന്റെ കീഴിലുള്ള വനമേഖലിയില്‍ നിന്നാണ് കൊമ്പുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
വണ്ടിപ്പെരിയാറിനടുത്തെ ഗ്രാമ്പിക്കൊക്ക എന്നറിയപ്പെടുന്ന ഭാഗത്തെ വനത്തിനുള്ളില്‍ ആനക്കൊമ്പുകള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് വനം ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് എരുമേലി റേഞ്ചിലെ മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഗ്രാമ്പികൊക്ക ഭാഗത്ത് നടത്തിയ പരിശോധനയിലാണ് രണ്ട് ആനക്കൊമ്പ് കണ്ടെത്തിയത്. വനംഇന്റലിജന്‍സ്, ഫ്‌ലയിംഗ് സ്‌ക്വാഡ്, മുറിഞ്ഞപുഴ സെക്ഷന്‍ വനപാലകര്‍ എന്നിവര്‍ ചേര്‍ന്നാണ് വനത്തിനുള്ളില്‍ മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയത്. 91 ഉം 79 സെന്റീമീറ്റര്‍ നീളമുള്ളവയാണിത്. പതിനൊന്നു കിലോയോളം തൂക്കം വരും.
ആനക്കൊമ്പുകള്‍ വില്‍പ്പനക്കായി ഇവിടെ സൂക്ഷിച്ചതാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. ചരിഞ്ഞ ആനയുടെ കൊമ്പുകള്‍ ഊരിയെടുത്തതാകാമെന്നാണ് വനം വകുപ്പ് കരുതുന്നത്. അതിനാല്‍ ആന ചെരിഞ്ഞതെങ്ങനെയെന്നും അവശിഷ്ടങ്ങളും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി വരും ദിവസങ്ങളില്‍ തെരച്ചില്‍ നടത്തും. ഇടുക്കിയില്‍ ഈ വര്‍ഷം മാത്രം പിടികൂടുന്ന നാലാമത്തെ ആനക്കൊമ്പ് കേസാണിത്.