FeaturedHome-bannerKeralaNews

നിറത്തിന്റെ പേരില്‍ നീഗ്രോ എന്ന വിളി,സ്‌കൂളിന്റെ ശുചിമുറിയില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം;ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ മിഹിര്‍ നേരിട്ടത് സമാനതകളില്ലാത്ത പീഡനം

കൊച്ചി: കൊച്ചിയില്‍ പതിനഞ്ചു വയസുകാരന്‍ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണം പുതിയ തലത്തിലേക്ക്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മിഹിര്‍ അഹമ്മദിനെ ജനുവരി 15 നാണ് ഫ്‌ലാറ്റില്‍നിന്നു വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മുമ്പ് പഠിച്ച ജെംസ് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരെയാണ് ആരോപണം. കേസില്‍ നിരവധി പേരുടെ മൊഴി പോലീസ് എടുത്തിട്ടുണ്ട്. ഇതെല്ലാം വിശകലനം ചെയ്ത് തുടര്‍ നടപടികള്‍ പോലീസ് എടുക്കും.

സ്‌കൂള്‍ അധികൃതര്‍ക്കെതിരെ രൂക്ഷമായ ആരോപണം ഉയര്‍ത്തി കുട്ടിയുടെ കുടുംബം കൂടുതല്‍ സജീവമാകുകയാണ്. മരിച്ച മിഹിര്‍ മുഹമ്മദ് കടുത്ത ശാരീരിക പീഡനത്തിനും വര്‍ണ വിവേചനത്തിനും ഇരയായെന്നാണ് കുട്ടിയുടെ അമ്മാവന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ റാഗിങ് ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും കിട്ടിയിട്ടില്ലെന്നാണ് കൊച്ചിയിലെ ജെംസ് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ വിശദീകരണം. നിറത്തിന്റെ പേരില്‍ നീഗ്രോ എന്ന വിളി. സ്‌കൂളിന്റെ ശുചിമുറിയില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം എന്നിവ നേരിട്ടുവെന്നാണ് ആരോപണം. ഈ പീഡനം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മറുനാടനാണ്. പിന്നാലെ മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു. ഇതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

സഹപാഠികളുടെ ക്രൂര റാഗിങ് മൂലമാണ് മകന്‍ മരിക്കാനിടയായത് എന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി. ഇതുസംബന്ധിച്ച് കുട്ടിയുടെ മാതാവ് സമൂഹിക മാധ്യമത്തില്‍ കുറിപ്പും ഇട്ടിരുന്നു. മിഹിറിന്റെ മരണത്തിന് പിന്നാലെ ‘ജസ്റ്റിസ് ഫോര്‍ മിഹിര്‍’ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജ് പ്രത്യക്ഷപ്പെട്ടിരുന്നു. മിഹിറിന്റെ ചില സുഹൃത്തുക്കള്‍ തുടങ്ങിയതാണ് ഈ പേജെന്നാണ് മാതാവിന്റെ പരാതിയിലുള്ളത്. ഇതിലെ ചാറ്റുകളില്‍ നിന്നാണ് മിഹിറിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് സൂചന ലഭിച്ചത്. ഇതിലെ ചില സംഭാഷണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും കുടുംബം പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രം പേജ് പിന്നീട് അപ്രത്യക്ഷമായി. ഇതും ദുരൂഹമായി തുടരുന്നു. ഏതായാലും ഇപ്പോള്‍ വിവാദം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്.

കുട്ടി നേരത്തെ പഠിച്ച ജെംസ് സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുളളവരില്‍ നിന്നേറ്റ മാനസിക പീഡനത്തെ തുടര്‍ന്നാണ് സ്‌കൂള്‍ മാറി കുട്ടിയെ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ എത്തിച്ചത്. മരണ ശേഷം കുട്ടിയുടെ അടുത്ത സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങളും സ്‌കൂളിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നടന്ന ചില ചര്‍ച്ചകളുടെ സ്‌ക്രീന്‍ ഷോട്ടും ചേര്‍ത്താണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം സ്‌കൂള്‍ അധികൃതരില്‍ നിന്നും ചില വിദ്യാര്‍ഥികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വീട്ടില്‍ കുട്ടി ഏതെങ്കിലും പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

അമ്മ വെളിപ്പെടുത്തിയ കാര്യങ്ങളടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ അമ്മയുടെയും സഹോദരിയുടെയും താമസ സ്ഥലത്തെ ജോലിക്കാരിയുടെയും മൊഴി ഹില്‍പ്പാലസ് പോലീസ് രേഖപ്പെടുത്തി. കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് മാനസികമായി വല്ലാതെ വിഷമത്തിലായിരിക്കുന്ന വീട്ടുകാര്‍ ഇപ്പോള്‍ കോഴിക്കോട്ടെ തറവാട്ടുവീട്ടിലാണ്. അവര്‍ തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റിലേക്ക് വരാന്‍ പോലും പറ്റാത്തവിധം മാനസികാഘാതത്തിലാണെന്ന് പോലീസ് പറഞ്ഞു. മിഹിര്‍ പഠിച്ചിരുന്ന ജെംസ് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെയും ക്ലാസ് ടീച്ചറിന്റെയും ഏതാനും കുട്ടികളുടെയും മൊഴി പോലീസ് എടുത്തിട്ടുണ്ട്.

റാഗിങ് നടന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നും മിഹിര്‍ ക്ലാസ് റൂമില്‍ ഹാപ്പിയായിരുന്നു എന്നും ബസില്‍ പോകുമ്പോള്‍ ഉറങ്ങിയാണ് പോയിരുന്നതെന്നുമാണ് പ്രിന്‍സിപ്പല്‍ പറഞ്ഞതെന്ന് പോലീസ് അറിയിച്ചു. ഏതാനും ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ചില വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകളിലെ വിവരങ്ങള്‍ പോലീസ് പരിശോധിച്ചുവരുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ് അറിയിച്ചു.

പോലീസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ജെംസ് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. സ്‌കൂളില്‍നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളും രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ വിശദാംശങ്ങളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ജനുവരി 15-നാണ് മിഹിറെന്ന പതിനഞ്ച് വയസുകാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.സ്‌കൂള്‍ വിട്ടു വന്ന ശേഷം, താമസിക്കുന്ന തൃപ്പൂണിത്തുറ ചോയ്‌സ് ടവറിന്റെ 26 ാം നിലയില്‍ നിന്ന് താഴേക്ക് ചാടി. മൂന്നാം നിലയിലെ ഷീറ്റിട്ട ഭാഗത്തേക്കാണ് മിഹിര്‍ വീണത്. തത്ക്ഷണം മരിച്ചു.ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.

മിഹിറിന്റെ സഹപാഠികള്‍ മാതാവിന് അയച്ചു നല്‍കിയ ചാറ്റുകളിലാണ് മകന്‍ നേരിട്ട ക്രൂര പീഡനം വിവരിക്കുന്നത്. സ്‌കൂളിലും സ്‌കൂള്‍ ബസിലും ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു. വാഷ് റൂമിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു. ക്ലോസറ്റില്‍ മുഖം മുക്കി വച്ച് ഫ്‌ലഷ് ചെയ്തു. കേട്ടാലറയ്ക്കുന്ന ചെയ്തികള്‍ വേറെയും. നിറത്തിന്റെ പേരില്‍ കുത്തുവാക്കുകളും പരിഹാസവും തുടര്‍ക്കഥയായിരുന്നെന്ന് മാതാവ് പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

തൃപ്പൂണിത്തുറ സ്വദേശിയും തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുമായ മിഹിര്‍ റാഗിങ്ങിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് എ.ഐ.എസ്.എഫ്. സംസ്ഥാന എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ‘കേരള റാഗിങ് നിരോധന നിയമം’ ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എ.ഐ.എസ്.എഫ്. ആവശ്യപ്പെട്ടു.

തന്റെ മകന്‍ ക്രൂരമായ റാഗിങ്ങിന് ഇരയായതായി മിഹിറിന്റെ അമ്മ പരാതിപ്പെട്ടിട്ടുണ്ട്. മകന്റെ മരണശേഷം സുഹൃത്തുക്കള്‍ അയച്ചുതന്ന ചില മൊബൈല്‍ ചാറ്റുകളില്‍നിന്നുമാണ് മകന്‍ ഇത്രയും വലിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നതായി മനസ്സിലായതെന്നും അവര്‍ പറയുന്നു. കേരളത്തിലടക്കം രാജ്യത്ത് അഞ്ചുവര്‍ഷത്തിനിടെ റാഗിങ്ങിനിരയായ 25 വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയെന്ന യു.ജി.സി.യുടെ കണക്കുകളും ആശങ്കയുണര്‍ത്തുന്നതാണ്. മിഹിറിന്റെ മരണത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സ്‌കൂള്‍ അധികൃതരുടെ നിഷ്‌ക്രിയാവസ്ഥയടക്കം അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും എ.ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് ആര്‍.എസ്.രാഹുല്‍ രാജും സെക്രട്ടറി പി.കബീറും ആവശ്യപ്പെട്ടു.

ജെ.എന്‍.യു.എസ്.യു. ജോയിന്റ് സെക്രട്ടറി സാജിദിനെ ലോഹിത് ഹോസ്റ്റലിന്റെ വാര്‍ഡന്‍ പ്രണബ് കുമാറിന്റെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയതും ആക്രമിക്കാന്‍ ശ്രമിച്ചതും പ്രതിഷേധാര്‍ഹമാണെന്നും എ.ഐ.എസ്.എഫ്. സംസ്ഥാന എക്‌സിക്യുട്ടീവ് പ്രസ്താവിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker