വാഷിങ്ടണ്‍: അമേരിക്ക ആയുധം വില്‍ക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും അപകടസാധ്യതയുള്ള രാജ്യങ്ങള്‍ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളാണെന്ന് പഠന റിപ്പോര്‍ട്ട്. ദ കാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2021 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അമേരിക്ക ആയുധ വില്‍പന നടത്തുന്നവയില്‍ സൗദി അറേബ്യ, ഇറാഖ്, ഈജിപ്ത്, തുര്‍ക്കി, സുഡാന്‍ എന്നീ രാജ്യങ്ങള്‍ ഏറ്റവും അപകടകാരികളായേക്കാം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മനുഷ്യാവകാശ ലംഘനം, അഴിമതി എന്നിവയ്ക്ക് കാരണമാകാന്‍ ഈ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള രാജ്യങ്ങളായാണ് ഇവയെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ”ഏകാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങളുള്ള ദുര്‍ബലമായ രാജ്യങ്ങള്‍ക്ക് ആയുധം വില്‍ക്കുന്നത് തുടരുന്നത് വഴി, ലോകം മുഴുവന്‍ അക്രമവും അടിച്ചമര്‍ത്തലും ഉയരുന്നതിനാണ് അമേരിക്ക കാരണമാകുന്നത്. സ്വന്തം പൗരന്മാരെ വളരെ മോശം രീതിയില്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാരുകള്‍ക്ക് ആയുധം നല്‍കുന്നത് വഴി, അത്തരം രാജ്യങ്ങളുടെ അധികാരം വര്‍ധിക്കുകയാണ് ചെയ്യുന്നത്.
ഇത് ആ രാജ്യങ്ങളിലെ പൗരന്മാരെ തന്നെയാണ് ദോഷകരമായി ബാധിക്കുന്നത്,” റിപ്പോര്‍ട്ടില്‍ പറയുന്നു. വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ലിബര്‍ട്ടേറിയന്‍ തിങ്ക് ടാങ്ക് ആണ് ദ കാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ട്. കഴിഞ്ഞയാഴ്ചയായിരുന്നു ഇവര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഒന്ന് മുതല്‍ 100 വരെ സ്‌കോര്‍ നല്‍കിയാണ് രാജ്യങ്ങളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കോര്‍ കൂടുന്നതിനനുസരിച്ച് അപകടസാധ്യത കൂടുന്ന രീതിയിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
ഇതില്‍ സൗദി അറേബ്യക്ക് 71 പോയിന്റുകളാണ് ലഭിച്ചിട്ടുള്ളത്. 2009 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളില്‍ 27 ബില്യണ്‍ ഡോളറോളമാണ് ആയുധക്കരാറിന്റെ ഭാഗമായി സൗദിക്ക് അമേരിക്കയില്‍ നിന്നും ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലോകത്ത് ഏറ്റവുമധികം ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് അമേരിക്ക.
മിഡില്‍ഈസ്റ്റ് രാജ്യങ്ങളില്‍ ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി ശക്തമായി നിലകൊള്ളുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മറ്റ് പാശ്ചാത്യ നേതാക്കളും പരാജയപ്പെട്ടു എന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.
വാച്ചിന്റെ വാര്‍ഷിക ആഗോള റിപ്പോര്‍ട്ടിലായിരുന്നു ബൈഡനെതിരായ വിമര്‍ശനം. സൗദി അറേബ്യ, ഇസ്രഈല്‍, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന പിന്തുണ അവരുടെ വിദേശ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും എച്ച്.ആര്‍.ഡബ്ല്യു ആരോപിച്ചിരുന്നു. മനുഷ്യാവകാശങ്ങളില്‍ അധിഷ്ഠിതമായ വിദേശ നയങ്ങളായിരിക്കും സ്വീകരിക്കുക എന്ന് ബൈഡന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സൗദി അറേബ്യ, ഇസ്രഈല്‍, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്ക് ആയുധം വില്‍ക്കുന്നത് ബൈഡന്‍ തുടര്‍ന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്.