KeralaNews

വീടുകയറിയുള്ള വില്‍പനയും മൈക്രോഫിനാന്‍സ് പണപ്പിരിവും തടയും

പത്തനംതിട്ട:ജില്ലയില്‍ സമ്പര്‍ക്കം മൂലമുള്ള കോവിഡ് രോഗബാധ തടയുന്നതിന്റെ ഭാഗമായി വാഹനങ്ങളില്‍ കൊണ്ടുനടന്നും, വീട് വീടാന്തരം കയറിയും മത്സ്യം, പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വില്‍പന നടത്തുന്നത് നിരോധിച്ച പശ്ചാത്തലത്തില്‍ ഇത്തരം വില്‍പന തടഞ്ഞു നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി തടയല്‍ നിയമം തുടങ്ങിയവയിലെ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് കേസെടുക്കുന്നതിന് എല്ലാ എസ്എച്ച്ഒ മാര്‍ക്കും നിര്‍ദേശം നല്‍കി. എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ കര്‍ശന ശ്രദ്ധപുലര്‍ത്തണമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. പത്തനംതിട്ട നഗരത്തിലും പരിസരങ്ങളിലും, കുമ്പഴ, കോന്നി, തിരുവല്ല തുടങ്ങിയ പ്രദേശങ്ങളിലും മത്സ്യവ്യാപാരികളിലൂടെ കോവിഡ് രോഗബാധ ഉണ്ടായതും ഇതുവഴി സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നതും അത്യന്തം അപകടകരമായതിനാല്‍ പോലീസ് നടപടി തുടരുന്നുണ്ട്.

മത്സ്യം, പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വാഹനങ്ങളില്‍ കൊണ്ടുനടന്നുള്ള വിപണനം വ്യാപകമായത് രോഗവ്യാപനം വര്‍ധിച്ചതിനു ഒരു കാരണമായെന്ന് സംശയിക്കേണ്ടിവരും. ഇതരസംസ്ഥാനങ്ങളില്‍ നിന്നും, അതിര്‍ത്തി ജില്ലകളില്‍ നിന്നും മത്സ്യം, പച്ചക്കറി എന്നിവ ജില്ലയിലേക്ക് കൊണ്ടുവരുന്ന വാഹങ്ങളിലെ ഡ്രൈവര്‍മാര്‍ ജനങ്ങളുമായി ഇടപഴകുന്ന സാഹചര്യം ഒഴിവാക്കണം. അതുപോലെ, പിരിവിന് എത്തുന്ന മൈക്രോഫിനാന്‍സ് കമ്പനികളെ തടയുന്നതിനും നടപടി കൈക്കൊള്ളും.

സമ്പര്‍ക്കരോഗികള്‍ കൂടുന്നത് ആളുകളുടെ ജാഗ്രതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാരണമാകുന്നുണ്ട്. ഇത് രോഗവ്യാപനം കൂടാനിടയാക്കുന്നു. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ വര്‍ധിക്കുകയും, കൂടുതല്‍ മേഖലകളിലേക്ക് നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കുകയുമാണ്. നിയന്ത്രണങ്ങള്‍ കൂടുതല്‍ കാലത്തേക്ക് നീട്ടുന്നത് രോഗവ്യാപനം നിയന്ത്രിക്കാനുള്ള പ്രതിരോധനടപടികളാണ്. ലംഘനങ്ങള്‍ക്കെതിരെ കര്‍ശനനടപടി എടുക്കുന്നതിന് പോലീസ് നിതാന്തശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

അതേസമയം, ചില വ്യാപാരസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ സാമൂഹിക അകലവും മറ്റു ശുചിത്വ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉറപ്പുവരുത്തുന്നതിന് അഡിഷണല്‍ എസ്പിയെ ചുമതലപ്പെടുത്തി. ഈ കേസുകളുടെ അന്വേഷണം, പ്രോസിക്യൂഷന്‍ തുടങ്ങിയ നടപടികള്‍ ഉറപ്പാക്കും. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സാഹചര്യങ്ങളില്‍ സ്ഥാപന അധികൃതര്‍ ഉത്തരവാദികളാകും. അഡിഷണല്‍ എസ്പി തലവനായുള്ള കോവിഡ് പ്രോസിക്യൂഷന്‍ വിംഗ് ഇക്കാര്യത്തില്‍ എസ്എച്ച്ഒമാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി നടപടികള്‍ പ്രവര്‍ത്തികമാക്കുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

കോവിഡ് ബാധിതരായ പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ചികിത്സ, ക്ഷേമകാര്യങ്ങള്‍ക്കായി ചുമതലയേല്‍പിച്ച വെല്‍ഫെയര്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നതായും, പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചതായും ജില്ലാപോലീസ് മേധാവി അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനുകളില്‍ പിആര്‍ഒമാരെ നിയോഗിച്ചിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, കേസുകളില്‍ കസ്റ്റഡിയിലെടുക്കുന്നവര്‍ക്കെതിരെ എത്രയുംവേഗം നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും, അപേക്ഷകളെല്ലാം ഇമെയില്‍ മുഖാന്തിരമാക്കുന്നതിനും, സായുധ ക്യാമ്പിലെ വാഹനങ്ങളെല്ലാം അണുനശീകരണം ചെയ്യുന്നതിനും നിര്‍ദേശം നല്‍കിയതായും ജില്ലാപോലീസ് മേധാവി പറഞ്ഞു. നിയന്ത്രണ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നു. ഇന്നലെ ആകെ 28 കേസുകളിലായി 29 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 82 ആളുകള്‍ക്ക് നോട്ടീസ് നല്‍കിയതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker