
തൃശൂർ : തിരുവില്വാമലയിൽ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഷവോമി ഇന്ത്യ. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മൊബൈൽ കമ്പനി അറിയിച്ചു. കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഷവോമി ഇന്ത്യ പ്രതികരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്.
മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ആദിത്യശ്രീ. പിതാവ് അശോക് കുമാർ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. ഇനിയൊരാൾക്കും ഈ അവസ്ഥയുണ്ടാവാതിരിക്കാനുള്ള നടപടി വേണമെന്ന് കുട്ടിയുടെ അച്ഛൻ അശോക് കുമാർ ആവശ്യപ്പെട്ടു.
2017 ൽ പാലക്കാട് ചെന്നെ മൊബൈൽസിൽ നിന്ന് സഹോദരൻ വാങ്ങി നൽകിയ ഫോണാണ് പൊട്ടിത്തെറിച്ചത്. ഈ ഫോൺ 2021 ൽ ബാറ്ററി മാറാൻ പാലക്കാട്ടെ റെഡ്മി/എംഐ സർവ്വീസ് സെന്ററിൽ നൽകുകയും ചെയ്തു. ഒരു മാസത്തിന് ശേഷമാണ് തിരികെ കിട്ടിയത്. കമ്പനി ബാറ്ററിയെന്നു പറഞ്ഞാണ് മാറി നൽകിയതെന്നും അശോക് കുമാർ പറഞ്ഞു.
റെഡ്മി 5 പ്രോ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോൾ ഫോൺ ചാർജിനിട്ടിരുന്നില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഫോൺ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാൽ അപകടത്തിന്റെ ആഘാതം കൂടി.
പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. ഫോറൻസിക് സംഘം പ്രാഥമിക നിഗമനം പൊലീസിനെ അറിയിച്ചു. സംഭവം നടന്ന വീട്ടിൽ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിച്ച ഫോണിൽ നിന്ന് തെറിച്ചുവീണ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.