
അഗളി: അട്ടപ്പാടിയില്‍ മാനസികവെല്ലുവിളി നേരിടുന്നയാളെ ആണ്‍മക്കള്‍ ചേര്‍ന്ന് അടിച്ചു കൊന്നു. ഒസത്തിയൂര്‍ ഉന്നതിയിലെ ഈശ്വരനാണ് (60) കൊല്ലപ്പെട്ടത്. മക്കളായ രാജേഷ് (മുരുകേശ്-34), രഞ്ജിത് (31) എന്നിവരെ അഗളി പോലീസ് അറസ്റ്റുചെയ്തു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ഈശ്വരന്റെ അമ്മ പാര്‍വതിയുടെ വീട്ടില്‍ വെച്ചാണ് മക്കള്‍ ഇരുവരും ചേര്‍ന്ന് പിതാവിനെ അടിച്ചു കൊന്നത്. വീടിന്റെ അടുക്കളമുറ്റത്തുവെച്ച്, പഴയ ഒലക്കയുടെ കഷണമുപയോഗിച്ച് ഈശ്വരനെ ഇരുവരും അടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ദേഹമാസകലം അടിയേറ്റുവീണ ഈശ്വരന്‍ അനങ്ങാതായതിനെത്തുടര്‍ന്ന് ഇരുവരും വീടിന്റെ ഹാളില്‍ പായവിരിച്ച് ഇതില്‍ ഈശ്വരനെ കിടത്തി സ്ഥലംവിട്ടു. സംഭവസമയം ഈശ്വരന്റെ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല.
സമീപ വീടുകളിലുണ്ടായിരുന്നവരാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തിയപ്പോള്‍ ഈശ്വരനെ പുതപ്പിച്ചുകിടത്തിയ നിലയിലായിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ രാജേഷും രഞ്ജിത്തും തിരികെയെത്തി പോലീസിനോട് കുറ്റസമ്മതം നടത്തി. അഗളി സി.ഐ. അനീഷ്, എസ്.ഐ. അബ്ദുള്‍ ഖയ്യൂം എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ അറസ്റ്റുചെയ്തു.