ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരായി നിലപാടെടുക്കുന്ന കക്ഷികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അടിച്ചമർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായുള്ള ആരോപണം ഏറെ നാളായി പ്രതിപക്ഷം ഉന്നയിച്ചുവരുന്നതാണ്.
ഈ സാഹചര്യത്തിലാണ് ‘മിണ്ടാതിരുന്നില്ലെങ്കിൽ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നിങ്ങളുടെ വീട്ടിൽ വരും’ എന്ന് പ്രതിപക്ഷ അംഗങ്ങളെ ലോക്സഭയിൽ മന്ത്രി മീനാക്ഷി ലേഖി ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇപ്പോൾ ചർച്ചയാകുന്നത്. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം ശരിവെക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ തുറന്ന ഭീഷണിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കഴിഞ്ഞദിവസം ലോക്സഭയിൽ ഡൽഹി സർവീസസ് ബില്ലിൽ ചർച്ച നടക്കുന്നതിനിടെ തന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷ എംപിമാരെയാണ് മീനാക്ഷി ലേഖി ഭീഷണിപ്പെടുത്തിയത്. ‘ഒരുമിനിറ്റ് നിശബ്ദരായിരിക്ക്. ഇല്ലെങ്കിൽ ഇഡി നിങ്ങളുടെ വീട്ടിൽ വരും’, എന്നായിരുന്നു മീനാക്ഷി ലേഖിയുടെ പരാമർശം. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്.
മന്ത്രിയുടെ ഈ ഭീഷണിക്കെതിരേ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് മീനാക്ഷി ലേഖിയുടെ പ്രസ്താവനയെന്ന് എൻസിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു. ലോക്സഭയിൽ മന്ത്രിനടത്തിയ പ്രസ്താവന ഒരു മുന്നറിയിപ്പാണോ അതോ ഭീഷണിയാണോ എന്ന് വ്യക്തമാക്കണമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് ആവശ്യപ്പെട്ടു.
മന്ത്രി ലോക്സഭയിൽ നടത്തിയ പ്രസ്താവന ഞെട്ടിക്കുന്നതാണെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഘലേ പ്രതികരിച്ചു. പതിപക്ഷ നേതാക്കൾക്കെതിരേ ഇ.ഡിയെ ഉപയോഗിക്കുമെന്ന് മന്ത്രിമാർ പരസ്യമായി ഭീഷണിപ്പെടുത്തുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.