ചെന്നൈ: ഗോമൂത്രത്തിന് ഔഷധ ഗുണം ഉണ്ടെന്ന അവകാശവാദത്തിൽ ഉറച്ച് ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടി. ഗോമൂത്രം സംബന്ധിച്ച് അമേരിക്കയിൽ അടക്കം പഠനങ്ങൾ നടന്നിട്ടുണ്ട്. ആവശ്യമെങ്കിൽ ഒരു സംവാദത്തിന് തയ്യാറാണ്. ഇതിനെ രാഷ്ട്രീയ വത്കരിക്കരുത് എന്നും കാമകോടി പറഞ്ഞു. ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്ന വാദം വലിയ വിവാദം ആയതിന് പിന്നാലെയായിരുന്നു നിലപാടിൽ ഉറച്ച് നിൽക്കുന്നതായി അദ്ദേഹം ഒരിക്കൽ കൂടി വ്യക്തമാക്കിയത്.
ഞാൻ പറഞ്ഞവാദം സമർത്ഥിക്കുന്നതിനായി അമേരിക്കയിൽ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. ഓൺലൈൻ ആയി വരെ പഞ്ചഗവ്യം വിൽപ്പനയ്ക്കായി വച്ചിട്ടുണ്ട്. ഗോമൂത്രം കുടിച്ചാൽ ആരോഗ്യത്തിന് പ്രശ്‌നം ഉണ്ടാകും എന്ന തരത്തിലുള്ള പഠനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഐഐടിയിൽ അടക്കം ഇതിന്റെ ഗുണവശങ്ങളെക്കുറിച്ച് പഠനങ്ങൾ നടന്നിട്ടുണ്ട്. ഉത്സവ സമയങ്ങളിൽ ചാണകം, ഗോമൂത്രം, പശുവിൻ പാൽ, തൈര്, നെയ്യ് എന്നിവ ചേർത്ത പഞ്ചഗവ്യം കഴിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു പൊതുപരിപാടിയിൽ ഗോമൂത്രത്തിന്റെ ഔഷധ ഗുണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. മാട്ടുപൊങ്കൽ ദിനത്തിൽ ചെന്നൈ വെസ്റ്റ് മാമ്പലത്ത് സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു കാമകോടിയുടെ പരാമർശം. ഇത് വലിയ വിവാദം ആകുകയും സംഭവത്തിൽ ചില രാഷ്ട്രീയ പാർട്ടികൾ വിമർശനം ഉന്നയിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു.