കൽപറ്റ∙ രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിക്കാന്‍ അയച്ച ഉപകരണങ്ങള്‍ ആശുപത്രിയിലേക്ക് ഇറക്കാന്‍ അനുമതി നല്‍കാതെ ഉദ്യോഗസ്ഥര്‍ മടക്കി അയച്ചെന്ന് ആക്ഷേപം. വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം തുടങ്ങാൻ രാഹുൽ ഗാന്ധി എംപി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങളാണ് ആശുപത്രി അധികൃതർ തിരിച്ചയച്ചത്. ആശുപത്രിയില്‍ പുതിയ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാനുളള ശ്രമമാണ് മതിയായ സൗകര്യമില്ലെന്ന് പറഞ്ഞ് മെഡിക്കല്‍ ഓഫിസറും ജീവനക്കാരും തടഞ്ഞത്. ലക്ഷങ്ങൾ വില വരുന്ന ഉപകരണങ്ങള്‍ കൂടിയാലോചനയില്ലാതെ മടക്കി അയച്ചതില്‍ ബ്ലോക്ക് പഞ്ചായത്ത് അന്വേഷണം പ്രഖ്യാപിച്ചു. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി സ്വീകരിക്കുമെന്നും ഭരണസമിതി അറിയിച്ചു.
ഡൽഹിയിൽ നിന്ന് കണ്ടെയ്നറിൽ വന്ന ഐസിയു ബെഡ് ഉൾപ്പെടെയുള്ള സാമഗ്രികളാണ് തിരിച്ചയച്ചത്. 50 ലക്ഷം രൂപയാണ് രാഹുൽ ഗാന്ധി അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്തിനെയോ എച്ച്എംസിയെയോ എംഎൽഎയെയോ അറിയിക്കാതെയാണ് ഉപകരണങ്ങൾ തിരിച്ചയച്ചത്.
വിവരം അറിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.എ.മുബാറക് ഇന്നലെ താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫിസറിനെയും ഉദ്യോഗസ്ഥനെയും വിളിച്ചു വരുത്തി എച്ച്എംസി യോഗം ചേർന്നു. മുഴുവൻ സൗകര്യങ്ങളും ഒരുക്കി സാമഗ്രികൾ ഒന്നിച്ച് എത്തിച്ചാലേ സ്വീകരിക്കാനാവൂ എന്ന നിലപാടാണ് മെഡിക്കൽ ഓഫിസർ സ്വീകരിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
എച്ച്എംസിയിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മെഡിക്കൽ ഓഫിസറുടെ തീരുമാനത്തിനെതിരെ രംഗത്തു വന്നു. ഒട്ടേറെ വൃക്കരോഗികൾക്ക് പ്രയോജനപ്പെടുന്ന ഡയാലിസിസ് കേന്ദ്രം തടസ്സപ്പെടുത്താനുള്ള നീക്കമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ആരോപണമുയർന്നു.
ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫിസറുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും നടപടികളെക്കുറിച്ച് അന്വേഷിച്ച് 17നുള്ളിൽ റിപ്പോർട്ട് നൽകാൻ 3 എച്ച്എംസി അംഗങ്ങളെ ചുമതലപ്പെടുത്തി. വി.എ.കെ.തങ്ങൾ, വി.അർജുൻ, കാപ്പിൽ മുരളി എന്നിവരാണ് അംഗങ്ങൾ. ഇവരുടെ റിപ്പോർട്ട് കിട്ടിയാലുടൻ തുടർനടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം തുടങ്ങാൻ മൂന്നു വർഷം മുൻപാണ് രാഹുൽ ഗാന്ധി എംപി 50 ലക്ഷം രൂപ അനുവദിച്ചത്. തൊട്ടു പിന്നാലെ എംഎൽഎ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ച് കെട്ടിടവും നിർമിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ആദ്യം മുതൽ നിസ്സഹകരണമാണ് ഉണ്ടായത്. മെഡിക്കൽ ഓഫിസർ നടപടികൾ വൈകിച്ച് നീട്ടിക്കൊണ്ടു പോയതുകൊണ്ടാണ് നിർവഹണച്ചുമതല ബ്ലോക്ക് ഡവലപ്മെൻറ് ഓഫിസർക്ക് നൽകിയത്. തുടർന്നാണ് കെഎംഎസ്സിഎല്ലിന് സാമഗ്രികൾ ലഭ്യമാക്കാൻ ഉത്തരവുകൊടുത്തത്. എത്തിയ ഉപകരണങ്ങൾ തിരിച്ചയച്ചത് പരിശോധിക്കും. ഇക്കാര്യം ആരോഗ്യ ഡയറക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.