അങ്കാമാലി അതിരൂപതയിലെ കുർബാന തർക്കം മുറുകുന്നു; ആൻഡ്രൂസ് താഴത്തിനെ വിലക്കി, നോമിനിയേയും തടഞ്ഞു
കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയിലെ ബസലിക്ക പള്ളിയിൽ കുർബാനക്ക് എത്തിയ ഫാ.ആന്റണി പൂതവേലിനെ വിമത വിഭാഗം തടഞ്ഞു. അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിന്റെ നോമിനിയാണ് ഫാ.ആന്റണി പുതുവേലിൽ. കുർബാന തർക്കം നിലനിൽക്കുന്ന എറണാകുളം അങ്കാമാലി അതിരൂപതയിൽ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിനെ വിമത വിഭാഗം വിലക്കിയിരുന്നു. ബിഷപ്പിന്‍റെ മുറി അടച്ച്പൂട്ടി വൈദികർ അയോഗ്യത നോട്ടീസ് പതിച്ചു. സിറോ മലബാർ സഭ നേതൃത്വത്തെ അപ്പാടെ ഒഴിവാക്കി അതിരൂപതയുടെ ശതാബ്ദി ആഘോഷത്തിനും വൈദികർ തീരുമാനിച്ചു.
ഹൈക്കോടതി ഉത്തരവിന്‍റെ ബലത്തിൽ ബിഷപ്പ് ഹൗസിൽ പൊലീസുമായി എത്തുകയും വൈദികരെ ഗേറ്റിന് പുറത്ത് നിർത്തുകയും ചെയ്തതിലുള്ള പ്രതിഷേധം എന്ന് പ്രഖ്യാപിച്ചാണ് എറണാകുളം ബിഷപ്പ് ഹൗസിലെ ആർച്ച് ബിഷപ്പ് ആൻഡ്യൂസ് താഴത്തിന്‍റെ മുറി അടച്ച് പൂട്ടിയത്. ചുവന്ന റിബൺ കൊട്ട് മുറി സീൽ ചെയ്ത വൈദികർ വാതിലിന് പുറത്ത് അയോഗ്യത നോട്ടീസും പതിച്ചു. തർക്കത്തെ തുടർന്ന് പൊലീസ് അടച്ച എറണാകുളം സെന്റ്മേരീസ് ബസലിക്കയിൽ വിമത പിന്തുണയുള്ള റെക്ടറെ നീക്കി പുതിയ അഡ്മിനിസ്ടേറ്ററെ കഴിഞ്ഞ ദിവസം ആർച്ച് ബിഷപ് നിയമിച്ചിരുന്നു. ഇതിലുള്ള പ്രകോപനവും ബിഷപ്പ് ഹൗസിലെ വിലക്കിന് പിറകിലുണ്ട്. വൈദികർക്കൊപ്പം ബിഷപ്പിനെ ബഹിഷ്കരിക്കുമെന്ന് അൽമാല സംഘടനയും വ്യക്തമാക്കി
ഇതിനിടെ സിറോമലബാർ സഭയുടെ ആസ്ഥാന രൂപതയായി എറണാകുളം അങ്കമാലി അതിരൂപ നിലവിൽ വന്നതിന്‍റെ സെന്‍റിനറി ആഘോഷവും മറ്റൊരു വിവാദത്തിന് തുടക്കമിടുകയാണ്. ഡിസംബർ 21 ന് തൃക്കാക്കര ഭാരത് മാതാ കോളേജിലെ കർദ്ദിനാൾ പാറേക്കാട്ടിൽ നഗറിലാണ് ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾ. എന്നാൽ സിറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പിനെയോ, സിനഡ് അങ്കങ്ങളെയോ, അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായ ആൻഡ്രൂസ് താഴത്തിനെയോ പരിപാടി അറിയിച്ചിട്ടില്ല.
സിറോമലബാർ സഭ നേതൃത്വത്തെ ഒഴിവാക്കി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ നടത്തുന്ന സമാന്തര നീക്കം സഭയിൽ പുതിയ വിവാദത്തിന് തുടക്കമിട്ടിടുണ്ട്.