EntertainmentNews

‘ഓം പ്രകാശ് തങ്ങിയ ഹോട്ടലില്‍ പ്രയാഗ എത്തിയിരുന്നു’ പക്ഷേ അത് സുഹൃത്തുക്കളെ കാണാനാണ്; ആള്‍ക്കൂട്ടത്തില്‍ മോശക്കാരനായ ആളുണ്ടെന്ന് എങ്ങനെ അറിയാനാണ്? ആരോപണങ്ങളില്‍ പ്രതികരിച്ച് നടിയുടെ പിതാവ്

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിനെ കൊച്ചിയിലെ ഹോട്ടലില്‍ എത്തി നടി പ്രയാഗ മാര്‍ട്ടിന്‍ സന്ദര്‍ശിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് പിതാവ് മാര്‍ട്ടിന്‍ പീറ്റര്‍. ഗുണ്ടാ നേതാവ് ഓംപ്രകാശ് തങ്ങിയ സ്വകാര്യ ഹോട്ടലില്‍ പ്രയാഗ എത്തിയിരുന്നു. എന്നാലത് സുഹൃത്തുക്കളെ കാണാനാണെന്നാണ് പിതാവ് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ പ്രയാഗ നിരപരാധിയാണെന്നും പിതാവ് പറഞ്ഞു. ആള്‍ക്കൂട്ടത്തില്‍ മോശക്കാരനായ ആളുണ്ടെന്ന് എങ്ങനെ അറിയാനാണ്. കലാകാരിയായതുകൊണ്ടാണ് ഇതിനൊക്കെ വാര്‍ത്താപ്രാധാന്യം ഉണ്ടാകുന്നതെന്നും മാര്‍ട്ടിന്‍ പീറ്റര്‍ പറഞ്ഞു.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറി സന്ദര്‍ശിച്ചുവെന്ന ആരോപണം പ്രയാഗ മാര്‍ട്ടിന്റെ മാതാവ് ജിജി മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. ഇതൊന്നും പ്രയാഗയ്ക്ക് അറിയുന്ന കാര്യങ്ങളല്ലെന്നും മകളുമായി സംസാരിച്ചിരുന്നുവെന്നുമാണ് ഒരു മാദ്ധ്യമത്തോട് ജിജി മാര്‍ട്ടിന്‍ വ്യക്തമാക്കിയത്.അതേസമയം, നക്ഷത്ര ഹോട്ടലില്‍ ഓംപ്രകാശ് ഒരുക്കിയ ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരടക്കം ഇരുപതുപേര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ഇന്ന് നോട്ടീസ് നല്‍കിയേക്കും.

അതിനിടെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനൊരുങ്ങുകയാണ് പോലീസ്. ഇവരുടെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ ശേഖരിച്ചു വരുകയാണ്. ശാസ്ത്രീയ പരിശോധനകളുടെ ഫലം വന്ന ശേഷം താരങ്ങളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ചൊവ്വാഴ്ച രാവിലെയോടെ പോലീസ് സംഘം ഹോട്ടലിലെത്തി സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചു.

ഹോട്ടലിലെ ലിഫ്റ്റിലുള്ള ക്യാമറയിലാണ് സന്ദര്‍ശകരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്. അതോടൊപ്പം ഹോട്ടല്‍ റിസപ്ഷന്‍, ഇടനാഴികള്‍ എന്നിവിടങ്ങളിലെ ദൃശ്യങ്ങളും പോലീസിന്റെ കൈയ്യിലുണ്ട്. എന്നാല്‍ ആരോപണം പ്രയാഗാ മാര്‍ട്ടിന്‍ നിഷേധിക്കുകയാണ്. ഓംപ്രകാശിനെ അറിയില്ലെന്നാണ് പ്രയാഗയുടെ നിലപാട്.

ഓംപ്രകാശിനെ പിടികൂടിയതറിഞ്ഞ് നഗരത്തിലെ ചില ഗുണ്ടാസംഘങ്ങള്‍ മരട് പോലീസ് സ്റ്റേഷന്‍ പരിസരത്ത് എത്തിയിരുന്നു. ഈ ഗുണ്ടാസംഘങ്ങളെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഞായറാഴ്ചയാണ് മരടിലെ ഹോട്ടലില്‍നിന്ന് ഓംപ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും പോലീസ് പിടികൂടിയത്. ലഹരിപ്പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

ഷിഹാസിന്റെ മുറിയില്‍നിന്ന് നാല് ലിറ്റര്‍ വിദേശമദ്യവും കൊക്കെയ്ന്‍ സാന്നിധ്യമുള്ള സിപ്പ് ലോക്ക് കവറും കണ്ടെത്തിയിരുന്നു. വിദേശത്തുനിന്ന് കൊക്കെയ്ന്‍ എത്തിച്ച് വിവിധ ജില്ലകളിലെ ഡി.ജെ. പാര്‍ട്ടികളില്‍ വിതരണം ചെയ്തുവരുകയായിരുന്നു ഓംപ്രകാശും ഷിഹാസും എന്നാണ് പോലീസിന്റെ സംശയം.

പ്രകാശിനെ കാണാന്‍ സിനിമാ താരങ്ങളെ ആഢംബര ഹോട്ടലില്‍ എത്തിച്ചതായി പൊലീസ് സംശയിക്കുന്ന എളമക്കര സ്വദേശി ബിനു ജോസഫ് കസ്റ്റഡിയില്‍. ഇയാളെ സൗത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ബിനു ജോസഫിന് കുപ്രസിദ്ധ ഗുണ്ട ഭായി നസീറുമായി ബന്ധമുണ്ടെന്നും സൂചനയുണ്ടെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓപ്രകാശിനെ കണ്ടു എന്ന് തന്നെയാണ് പോലീസ് പറയുന്നത്. ഇവര്‍ക്കുപുറമേ സ്ത്രീകളടക്കം ഇരുപതോളംപേര്‍ ഓംപ്രകാശിന്റെ മുറിയിലെത്തിയെന്ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി എട്ടില്‍ മരട് പൊലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു.

പ്രതികള്‍ ക്രൗണ്‍ പ്ലാസയിലെ മൂന്നുമുറികളിലായി ലഹരി ഇടപാട് നടത്തിയെന്നാണ് പ്രാഥമികനിഗമനം. ബോബി ചലപതി എന്നയാളാണ് പ്രതികള്‍ക്കുവേണ്ടി മുറി ബുക്ക് ചെയ്തതെന്നും കണ്ടെത്തി. ബോബി ചലപതിയെന്നത് ഓംപ്രകാശ് ഉപയോഗിക്കുന്ന വ്യാജ പേരാണെന്ന സംശയം ഉണ്ട്. വിദേശത്തുനിന്ന് കൊക്കെയ്ന്‍ എത്തിച്ച് വിവിധ ജില്ലകളിലെ ഡിജെ പാര്‍ടികളില്‍ വിതരണം ചെയ്യുകയായിരുന്നു ഓംപ്രകാശും ഷിഹാസും.

ഇവര്‍ ബുക്ക് ചെയ്ത മുറിയും സമീപത്തെ രണ്ടുമുറികളും പൊലീസ് വിശദമായി പരിശോധിച്ചു. ഹോട്ടലിലെ സിസിടിവിയില്‍നിന്നാണ് താരങ്ങളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. പോള്‍ ജോര്‍ജ് വധം ഉള്‍പ്പെടെ ഒട്ടേറെ കൊലക്കേസുകളില്‍ പ്രതിയാണ് ഓംപ്രകാശ്. 1999 മുതല്‍ സംസ്ഥാനത്ത് കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, വീടുകയറി ആക്രമണം, ലഹരി ഇടപാട് തുടങ്ങി ഇരുപതിലേറെ കേസുകളിലും പ്രതിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker