കൊച്ചി:മരിയ പ്രിന്‍സ് എന്ന പേര് പറയുന്നതിലും അനു എന്ന് പറഞ്ഞാല്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മനസിലാവുന്ന മുഖമാണ് നടിയുടേത്. കാരണം അമ്മ മകള്‍ എന്ന സീരിയലിലെ അനു എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചാണ് മരിയ ജനശ്രദ്ധ നേടുന്നത്. അമ്മയും മകളും ഒരേ സമയത്ത് ഗര്‍ഭിണിയാവുന്നതും കുഞ്ഞിന് ജന്മം കൊടുക്കുന്നതുമൊക്കെ സീരിയലില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് അത് ജനപ്രിയമാവുന്നതും.
ചെറിയ പ്രായത്തില്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയായിട്ടാണ് മരിയ സീരിയലില്‍ അഭിനയിക്കുന്നത്. എന്നാല്‍ തന്റെ യഥാര്‍ഥ ജീവിതത്തിലും അങ്ങനെ തന്നെയാണെന്നാണ് നടിയിപ്പോള്‍ പറയുന്നത്. തന്റെ വിവാഹം കഴിഞ്ഞിട്ട് എട്ട് വര്‍ഷത്തോളമായെന്ന് മരിയ വ്യക്തമാക്കുന്നു. വിശദമായി വായിക്കാം..
ഞാനൊരു ഇടുക്കിക്കാരിയാണെന്നാണ് മരിയ പ്രിന്‍സ് പറയുന്നത്. തന്റെ വിവാഹം കഴിഞ്ഞിട്ട് എട്ട് വര്‍ഷമായി. പക്ഷേ ഞാന്‍ വിവാഹിതയാണെന്ന് പറയുമ്പോള്‍ ആളുകള്‍ക്കതൊരു ഞെട്ടലാണ്. പക്ഷേ അത് സത്യമാണെന്ന് മരിയ തമാശരൂപേണ പറയുന്നു. തിയറ്റര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് ഞാന്‍ കരിയര്‍ തുടങ്ങുന്നത്. ഞാനും ഭര്‍ത്താവ് പ്രിന്‍സും ഒരു ജനപ്രിയ നാടക ടീമിനൊപ്പം പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ആ അവസരം ഞങ്ങള്‍ ശരിക്കും മുതലെടുത്തു.
സ്റ്റേറ്റ് അവാര്‍ഡ് വാങ്ങിയ വെയില്‍ എന്ന നാടകത്തിന്റെ ഭാഗമായിരുന്നു ഞങ്ങള്‍. പ്രണയത്തിലായതോടെ പതിനെട്ട് വയസുള്ളപ്പോള്‍ തന്നെ ഞങ്ങള്‍ വിവാഹിതരുമായി. അതുകൊണ്ട് തന്നെ എനിക്കെന്റെ ബിരുദം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അന്ന് മുതല്‍ നാടകമാണ് എന്റെ സ്‌കൂള്‍. ഞാന്‍ അവിടെ നിന്നും ജീവിതത്തെ കുറിച്ചും കലയെയും കുറിച്ച് പഠിച്ചുവെന്ന് മരിയ പറയുന്നു.
‘നാടകത്തിന് പുറമേ ലിപ് സിങ്ക് ചെയ്തുള്ള വീഡിയോസ് ഞാന്‍ ചെയ്തിരുന്നു. അത് ഇന്‍ഡസ്ട്രിയിലുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റി. അങ്ങനെ ഷോര്‍ട്ട് ഫിലിമുകളില്‍ ചെറിയ റോളില്‍ അഭിനയിച്ച് തുടങ്ങി. സീരിയലുകളില്‍ നിന്നും എനിക്ക് അവസരം വന്നെങ്കിലും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോന്ന് കരുതി അതൊക്കെ ചെയ്യാന്‍ മടിച്ചു.
ഒരു ടെലിവിഷന്‍ നടിയ്ക്ക് സിനിമയില്‍ സജീവമാവുന്നത് ബുദ്ധിമുട്ടാണ്. ഈയിടെ ഞാനും ആ പ്രശ്‌നം നേരിടുന്നുണ്ട്. കുടുംബ പ്രേക്ഷകര്‍ക്ക് പരിചിതരായ ആളുകളെക്കാളും പുതുമുഖങ്ങളെയാണ് സിനിമാ നിര്‍മാതാക്കള്‍ ഇഷ്ടപ്പെടുന്നതെന്ന്’ മരിയ പറയുന്നു.
മഞ്ഞില്‍ വിരിഞ്ഞ പൂവ്, സ്ത്രീപഥം, എന്നിങ്ങനെ പല സീരിയലുകളിലും ഞാന്‍ ചെറിയ റോളുകളാണ് ചെയ്തിരുന്നത്. പതിയെ എന്റെ കഥാപാത്രങ്ങളെല്ലാം നെഗറ്റീവായി മാറി കൊണ്ടിരുന്നു. ഇതോടെ പ്രേക്ഷകരും എന്നെ വെറുത്ത് തുടങ്ങി. സത്യം പറഞ്ഞാല്‍ അതൊക്കെ എന്നെ ഭയപ്പെടുത്തി. ഇപ്പോള്‍ അമ്മ മകള്‍ സീരിയലിലാണ് അഭിനയിക്കുന്നത്. അതിലെ അനുവും ഞാനും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. പക്ഷേ ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ച പെണ്‍കുട്ടി എന്ന നിലയില്‍ സാമ്യപ്പെടുത്താന്‍ പറ്റും.
സീരിയലില്‍ അമ്മ ഗര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷമാണ് അനുവിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞത്. ‘ഇങ്ങനെ പൊസസ്സീവ് ആവല്ലേന്ന് ആരാധകരും എന്നെ ഉപദേശിക്കുമായിരുന്നതായി’ മരിയ പറയുന്നു. അനു എന്താ ഇങ്ങനെ എന്ന് ഞാനും ആലോചിക്കാറുണ്ട്. പിന്നെയെനിക്ക് മനസിലായി. അമ്മയും അച്ഛനും ഒരുമിച്ച് നില്‍ക്കുന്നത് ഇഷ്ടപ്പെടാത്ത ആളാണ് അനു എന്ന കഥാപാത്രം.
തനിക്കുള്ളതെല്ലാം പങ്കിടാന്‍ മറ്റൊരു കുഞ്ഞ് വരുന്നത് അനുവിന് ഉള്‍കൊള്ളാന്‍ സാധിച്ചില്ല’ അതാണ് കഥയില്‍ നടക്കുന്നതെന്ന് മരിയ പറയുന്നു. എന്നാല്‍ ഞങ്ങളും അനുവിനെ പോലെയാണെന്ന് പറഞ്ഞ് ഒത്തിരി പേര്‍ മെസേജ് അയച്ചിട്ടുണ്ട്. ചില അമ്മമാരും പെണ്‍കുട്ടികള്‍ അനുവിനെ പോലെയാണെന്ന് എന്നോട് പറഞ്ഞിട്ടുണ്ടെന്നും മരിയ സൂചിപ്പിച്ചു.