മുംബൈ: തന്റെ സമ്മതമില്ലാതെ ഭര്‍ത്താവ് താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ച യുവതിയുടെ പരാതി നിയമപരമായ പരിശോധനയ്ക്ക് വിധേയമല്ലെന്ന് മുംബൈ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജശ്രീ ജെ ഘരത് .
‘പ്രതി ‘ഭര്‍ത്താവായതിനാല്‍ അയാള്‍ നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്തുവെന്ന് പറയാന്‍ കഴിയില്ല’ .ജഡ്ജി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ 22 നാണ് യുവതിയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഭര്‍ത്താവും കുടുംബവും തനിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും പീഡിപ്പിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.
വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് തന്റെ ആഗ്രഹത്തിന് വിരുദ്ധമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് യുവതി ആരോപിച്ചു.
ജനുവരി 2 ന് ദമ്ബതികള്‍ മുംബൈയ്ക്കടുത്തുള്ള ഹില്‍ സ്റ്റേഷനായ മഹാബലേശ്വറിലേക്ക് പോയി. അവിടെ വച്ചും ഭര്‍ത്താവ് ഇത് ആവര്‍ത്തിച്ചു.
അതിനു ശേഷം തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാന്‍ തുടങ്ങിയെന്നും ഒരു ഡോക്ടറെ സമീപിച്ചെന്നും യുവതി പറഞ്ഞു. പരിശോധനയ്ക്ക് ശേഷം,യുവതിയ്ക്ക് അരയ്ക്ക് താഴെ പക്ഷാഘാതം അനുഭവപ്പെട്ടതായി ഡോക്ടര്‍ അറിയിച്ചു.
ഇതിന് ശേഷമാണ് യുവതി ഭര്‍ത്താവിനും മറ്റുള്ളവര്‍ക്കുമെതിരെ മുംബൈയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്, പിന്നീട് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഭര്‍ത്താവ് കോടതിയെ സമീപിച്ചു.
ഹിയറിംഗ് സമയത്ത്, തങ്ങളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും ഭര്‍ത്താവും കുടുംബവും പറഞ്ഞു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.
സ്ത്രീധന ആവശ്യത്തിനെതിരെ യുവതി പരാതി നല്‍കിയിരുന്നെങ്കിലും ആവശ്യം എത്രയാണെന്ന് അവര്‍ പറഞ്ഞില്ലെന്ന് ജഡ്ജി കുറിച്ചു. മാത്രമല്ല, നിര്‍ബന്ധിത ലൈംഗികതയുടെ പ്രശ്നം നിയമപരമായ നിലപാടില്‍ നിലനില്‍ക്കുന്നില്ലെന്ന് ജഡ്ജി പറഞ്ഞു.
പെണ്‍കുട്ടിക്ക് പക്ഷാഘാതം സംഭവിച്ചത് വളരെ നിര്‍ഭാഗ്യകരമാണ്. എന്നിരുന്നാലും, ഭര്‍ത്താവും കുടുംബവും ഇതിന് ഉത്തരവാദികളാകാന്‍ കഴിയില്ല. ആരോപണങ്ങളുടെ സ്വഭാവം പരിശോധിക്കുമ്ബോള്‍ കസ്റ്റഡി ചോദ്യം ചെയ്യല്‍ ആവശ്യമില്ല. അന്വേഷണ സമയത്ത് സഹകരിക്കാന്‍ പ്രതികള്‍ തയ്യാറാണ്. ‘ ജഡ്ജി പറഞ്ഞു.