FeaturedHome-bannerKeralaNews

മാവോവാദി നേതാവ് സി.പി മൊയ്തീൻ അറസ്റ്റിൽ, ATS-ന്റെ പിടിയിലായത് കബനി ദളത്തിലെ അവശേഷിക്കുന്ന കണ്ണി

ആലപ്പുഴ: കബനി ദളത്തിലെ അവശേഷിക്കുന്ന കണ്ണിയും മാവോവാദി നേതാവുമായ സി.പി. മൊയ്തീൻ തീവ്രവാദവിരുദ്ധസേന (എ.ടി.എസ്)യുടെ പിടിയിൽ. ആലപ്പുഴ കെ.എസ്.ആർ.സി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാൾ കഴിഞ്ഞദിവസം അങ്കമാലിയിലെത്തിയതായും തുടർന്ന്, മറ്റൊരിടത്തേക്ക് മാറിയതായും വിവരം ലഭിച്ചിരുന്നു. തുടർന്ന് ആലപ്പുഴയിലും എറണാകുളത്തുമടക്കം തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു.

പത്തുദിവസത്തിനിടെ കബനി ദളത്തിലെ മറ്റു രണ്ടു മാവോവാദികൾ എ.ടി.എസിന്റെ വലയിലായിരുന്നു. ജൂലായ് 27-ന് ഷൊർണൂരിൽനിന്ന് സോമനും 18-ന് കൊച്ചിയിൽനിന്ന് മനോജുമാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന സന്തോഷ്, തമിഴ്നാട്ടിലെ കോയമ്പത്തൂരിൽത്തന്നെ ഒളിവിൽക്കഴിയുകയാണ്.

വയനാട്ടുകാരിയായ ജിഷയാണ് കേരളത്തിൽനിന്നുള്ള മറ്റൊരംഗം. ഇവർ കർണാടക വിരാജ്പേട്ട കേന്ദ്രീകരിച്ചുള്ള വിക്രം ഗൗഡയുടെ സംഘത്തിലാണുള്ളത്. കബനിദളത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മൊയ്തീൻ മാത്രമാണ് നിലവിൽ സംസ്ഥാനത്തുള്ളതെന്ന് പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു.

കേരളത്തിലും തമിഴ്നാട്ടിലുമായി നാടുകാണിദളം, ശിരുവാണിദളം, ബാണാസുരദളം, കബനിദളം എന്നിങ്ങനെ നാലായിത്തിരിഞ്ഞായിരുന്നു മുൻപ്‌ മാവോവാദികളുടെ പ്രവർത്തനം. തീവ്രവാദവിരുദ്ധ സേനയുമായുള്ള നിരന്തര ഏറ്റുമുട്ടലുകളിൽ പ്രവർത്തകർ കൊല്ലപ്പെട്ടതോടെയാണ് മറ്റുദളങ്ങളുടെ പ്രവർത്തനം നിലച്ചത്.

ബാണാസുരദളം കബനിദളത്തോട് ചേർന്നുപ്രവർത്തിക്കുകയായിരുന്നു. ഇതിനിടെ കീഴടങ്ങൽ പുനരധിവാസത്തിന് മാവോവാദി പ്രവർത്തകനായിരുന്ന ലിജേഷും തയ്യാറായി. പലയിടത്തുനിന്നായി പിടിയിലായ മാവോവാദികളിൽനിന്നുള്ള വിവരങ്ങളും പോലീസിന് സഹായമായി.

കാപ്പിക്കളത്തും ചപ്പാരത്തും കണ്ണൂർ അയ്യൻകുന്നിലും പോലീസ്-തീവ്രവാദ വിരുദ്ധസേനയുമായി ഏറ്റുമുട്ടലുകൾ നടന്നതോടെ മാവോവാദികളിൽ ഒരുസംഘം കർണാടകയിലേക്ക് മാറി. പിന്നീട് സി.പി. മൊയ്തീന്റെ നേതൃത്വത്തിൽ നാലുപേർമാത്രമായിരുന്നു പേര്യ-ആറളം-കൊട്ടിയൂർ വനമേഖലകളിൽ.

മക്കിമലയിൽ കുഴിബോംബ് കണ്ടെത്തിയതോടെ നേരിട്ടുള്ള ഏറ്റുമുട്ടലുകളിലേക്ക് മാവോവാദികൾ കടക്കുന്നു എന്നുതിരിച്ചറിഞ്ഞ തീവ്രവാദവിരുദ്ധസേന പരിശോധന കർശനമാക്കുകയായിരുന്നു. ഇതിനൊപ്പം ജനപിന്തുണ കുറഞ്ഞതും അതിതീവ്രമഴയും കൂടിയായതോടെ സംഘം വനമേഖല വിട്ടിറങ്ങുകയായിരുന്നു. ജൂലായ് 17-ന് മാവോവാദികൾ കണ്ണൂർ അമ്പായത്തോടുനിന്ന് ഇരിട്ടിവഴി സഞ്ചരിച്ചതിന്റെ വിശദാംശങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൂന്നു പ്രവർത്തകരുടെ അറസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker