28.9 C
Kottayam
Friday, May 3, 2024

മനോഹരന്റെ മരണ കാരണം ഹൃദയാഘാതം,ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Must read

കൊച്ചി : എറണാകുളത്ത് പൊലീസ് കസ്റ്റഡിയിൽ കുഴഞ്ഞുവീണു മരിച്ച ഇരുമ്പനം സ്വദേശി മനോഹരന്റെ മരണ കാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്.

ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളില്ല. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടത്തിൽ നിന്ന് ലഭിക്കുന്ന സൂചന. ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

വാഹന പരിശോധനക്കിടെ മനോഹരനെ പൊലീസ് സംഘം മർദ്ദിച്ചു എന്ന് ദൃക്സാക്ഷികളുടെ മൊഴി പുറത്തുവന്നിരുന്നു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കൊച്ചി പൊലീസ് കമ്മീഷണർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. 

ഇരുമ്പനത്ത് പൊലീസ് പരിശോധന സംഘത്തിൻ്റെ ഭാഗത്ത് നിന്നുണ്ടായ കുറ്റകൃത്യത്തിൽ എസ് ഐ ജിമ്മി ജോസിനെതിരെ മാത്രമാണ് നടപടി. ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കും. ഇന്നലെ രാത്രി 9 മണിക്കാണ് ഇരുമ്പനം കർഷക കോളനിയിലെ വളവിൽ, ഹിൽ പാലസ് പൊലീസ് സംഘം പരിശോധന നടത്തിയത്.

സ്പെയർ പാർട്സ് കട അടച്ച് വീട്ടിൽ വരികയായിരുന്ന മനോഹരനെ ഇരുട്ടിൽ ഒരു പൊലീസുകാരൻ കൈകാണിച്ചു. വാഹനം നിർത്താതെ മുന്നോട്ട് പോയ മനോഹരനെ വളവിൽ വച്ച് പൊലീസ് സംഘം തടഞ്ഞു. വണ്ടി നിർത്തിയ മനോഹരൻ ഹെൽമറ്റ് ഊരിയ പാടെ വണ്ടി നിർത്താത്തത് ചോദ്യം ചെയ്ത് പൊലീസ് മുഖത്തടിച്ചു എന്നാണ് ദൃക്സാക്ഷിയുടെ മൊഴി.

മദ്യപിച്ചോ എന്ന് പരിശോധിച്ചതിൽ മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമായതിന് പിന്നാലെ ജീപ്പിൽ കയറ്റി ഹിൽ പാലസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചതിന് പിഴ ചുമത്തുന്നതിനാണ് സ്റ്റേഷനിൽ കൊണ്ടു പോയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 


പിന്നാലെ മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആദ്യം തൃപ്പുണ്ണിത്തുറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ എറണാകുളം മെഡി. ട്രസ്റ്റിൽ വച്ച് പത്ത് മണിയോടെ മരണം സ്ഥിരീകരിച്ചു. .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week