ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക ഉദാരവത്കരണത്തിന് വാതില്‍ തുറന്ന ധനകാര്യവിദഗ്ധനും കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിങ്ങിന് വിട നല്‍കി രാജ്യം. ജനക്ഷേമ പദ്ധതികളിലൂടെ ഇന്ത്യ ശോഭിച്ച ഒരു കാലഘട്ടത്തെ വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ട് ഇന്ത്യകണ്ട എക്കാലത്തേയും മികച്ച ധനതന്ത്രജ്ഞന്റെ ഭൗതിക ശരീരം അഗ്നിയേറ്റുവാങ്ങി. സൈന്യത്തിന്റെ 21 ഗണ്‍ സല്യൂട്ട് നല്‍കിക്കൊണ്ട് രാജ്യം അദ്ദേഹത്തിന് അന്ത്യാഞ്ജലിയേകി. യമുനാ തീരത്തെ നിഗംബോധ് ഘട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മന്‍മോഹന്‍ സിങ്ങിന്റെ മൂത്തമകള്‍ ഉപീന്ദര്‍ സിങ്ങാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഭൂട്ടാന്‍ രാജാവ്, തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍വെച്ച് വ്യാഴാഴ്ച രാത്രി 9.51-ഓടെയാണ് മന്‍മോഹന്‍ സിങ് മരണപ്പെട്ടത്. 92 വയസ്സായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന അദ്ദേഹത്തെ ശ്വാസകോശ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണസമയത്ത് ഭാര്യ ഗുര്‍ശരണ്‍ കൗര്‍, മക്കളായ ഉപിന്ദര്‍, ദമന്‍, അമൃത് എന്നിവരും പ്രിയങ്കാഗാന്ധിയും സമീപത്തുണ്ടായിരുന്നു.
ഡല്‍ഹി കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന പൊതുദര്‍ശനത്തിന് ശേഷമാണ് അദ്ദേഹത്തെ നിഗംബോധ് ഘട്ടില്‍ സംസ്‌കാരത്തിനായി എത്തിച്ചത്.