ന്യൂഡൽഹി: സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവരുമായി പതിറ്റാണ്ടുകളായുള്ള ബന്ധം അനുസ്മരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. തന്റെ രാഷ്ട്രീയ ജീവിതം സൃഷ്ടിച്ചതും നശിപ്പിച്ചതും ഗാന്ധി കുടുംബമാണെന്ന് അയ്യർ മനസുതുറന്നു. വാർത്താ ഏജൻസിയായ പി.ടി.ഐയോടായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
പത്ത് വർഷത്തോളമായി മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരിൽക്കാണാൻ തനിക്ക് അവസരം ലഭിച്ചില്ലെന്ന് മണിശങ്കർ അയ്യർ പറഞ്ഞു. രാഹുൽ ഗാന്ധിയോടൊപ്പം കാര്യമാത്രപ്രസക്തമായ രീതിയിൽ സമയം ചെലവഴിക്കാൻ ഒരിക്കൽ മാത്രമേ അവസരം ലഭിച്ചിട്ടുള്ളൂ. രണ്ട് തവണയല്ലാതെ പ്രിയങ്കയോടൊപ്പം സമയം ചെലവഴിച്ചിട്ടില്ല. ഫോൺ ചെയ്യുമ്പോഴാണ് സംസാരിക്കാറുള്ളതെന്നും അയ്യർ പറഞ്ഞു.
“എന്റെ ജീവിതത്തിലെ വിരോധാഭാസം എന്തെന്നാൽ എന്റെ രാഷ്ട്രീയ ജീവിതം ഗാന്ധിമാരാണ് നിർമ്മിച്ചത്. അവർ തന്നെയാണ് അത് വളർത്താൻ അനുവദിക്കാതിരുന്നതും. ഇതാണ് സംഭവിക്കുന്നതെന്ന് ഞാൻ കരുതുന്നു.” അദ്ദേഹം ഓർത്തെടുത്തു.
കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധിക്ക് പിറന്നാളാശംസിക്കാൻ ആഗ്രഹിച്ചിട്ട് അക്കാര്യം പ്രിയങ്കാ ഗാന്ധിയോട് പറയേണ്ടിവന്ന അവസരത്തെക്കുറിച്ച് മണിശങ്കർ അഭിമുഖത്തിൽ പറയുന്നുണ്ട്. “ഒരിക്കൽ പ്രിയങ്കാ ഗാന്ധിയെ കാണാനിടയായി. അവർ വളരെ ദയാപൂർവമാണ് പെരുമാറിയത്. രാഹുലിന്റെ ജന്മദിനം ജൂണിൽ ആയതിനാൽ എന്റെ ആശംസകൾ അറിയിക്കണമെന്ന് അവരോട് ആവശ്യപ്പെട്ടു. എന്നാൽ നേരിട്ട് പറഞ്ഞുകൂടേ എന്നാണ് പ്രിയങ്ക ചോദിച്ചത്. സസ്പെൻഷനിലായതിനാൽ ഞാൻ അദ്ദേഹത്തോട് സംസാരിച്ചുകൂടാ എന്നായിരുന്നു എന്റെ മറുപടി.”
പിന്നീട് രാഹുലിന് ഒരു കത്തെഴുതി. ആദ്യ ഖണ്ഡികയിൽ ജന്മദിനാശംസകൾ നേരുകയും പിന്നീട് പാർട്ടിയിലെ തന്റെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2004 മുതൽ 2009 വരെയുള്ള കാലയളവിൽ മൻമോഹൻ സിംഗ് മന്ത്രിസഭയിൽ കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രിയായിരുന്നു മണിശങ്കർ അയ്യർ. തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായ മണിശങ്കർ അയ്യർ മൂന്ന് തവണ ലോക്സഭാംഗമായും ഒരു തവണ രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവായി പ്രവർത്തിക്കുന്നു.