ന്യൂഡൽഹി: മണിപ്പുർ പ്രശ്നപരിഹാരത്തിനായി മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. നിയമവാഴ്ച പുനഃസ്ഥാപിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. അന്വേഷങ്ങൾക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ഗീത മിത്തൽ, ശാലിനി പി. ജോഷി, മലയാളിയായ ആശ മേനോൻ എന്നിവരടങ്ങുന്ന പാനലാണ് രൂപീകരിച്ചത്.
20 പേരടങ്ങുന്ന സംഘമാണ് മണിപ്പുരിൽ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് അഭിഭാഷകനായ കോളിൻ ഗോൺസാൽവസ് കോടതിയെ അറിയിച്ചു. ഇവർ തമ്മിൽ പരസ്പരം നല്ല ബന്ധം പുലർത്തുകയും ഗൂഢാലോചന നടത്തുകയും നടപ്പാക്കുകയുമാണ്. തങ്ങളെ തൊടാൻ കഴിയില്ലെന്നാണ് അവർ കരുതുന്നത്. ഈ 20 പേരെ പിടികൂടാൻ സാധിച്ചാൽ അക്രമം നിയന്ത്രിക്കാനാകുമെന്നും ഗോൺസാൽവസ് പറഞ്ഞു.
മണിപ്പുരിലെ എൻ.ബിരേൻ സിങ് സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്തിൽ കേസെടുക്കാൻ രണ്ട് മാസം വൈകിയത് എന്താണ് കോടതി ചോദിച്ചു. രണ്ട് മാസം ഭരണഘടന തകർന്ന നിലയിലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.