FeaturedHome-bannerNationalNews

മണിപ്പൂർ സംഘർഷം കനക്കുന്നു: അസമിലെ നദിയിൽ മൃതദേഹങ്ങൾ കണ്ടെത്തി; 2 എംഎൽഎമാരുടെ വീടുകൾക്ക് കൂടി തീയിട്ടു

ഇംഫാല്‍: മണിപ്പൂരിൽ സംഘ‍ർഷം തുടരുന്നു. രണ്ട് എംഎൽഎമാരുടെ വീടുകൾക്ക് കൂടി ഇന്നലെ വൈകിട്ട് തീയിട്ടു. അസമിൽ നദിയിൽ നിന്ന് 2 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇത് മണിപ്പൂരിൽ നിന്നുള്ളവരുടേതാണെന്ന് കരുതുന്നു. മണിപ്പൂരിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ദില്ലിയിൽ ഇന്നുച്ചയ്ക്ക് 12 മണിക്ക് യോ​ഗം ചേരും. അതേസമയം മുഖ്യമന്ത്രി ബിരേൻ സിങിനെ മാറ്റണമെന്ന ആവശ്യം മണിപ്പൂരിൽ ബിജെപിക്ക് അകത്തും ശക്തമാവുകയാണ്.

സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഇന്നലെ ചേർന്ന യോ​ഗത്തിൽ അമിത് ഷാ ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. സഖ്യ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതിന് പിന്നാലെ ബിരേൻ സിം​ഗ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി എൻപിപി രം​ഗത്തെത്തിയിട്ടുണ്ട്. സർക്കാറിന് സംസ്ഥാനത്ത് യാതൊരു നിയന്ത്രണവുമില്ലെന്ന് വ്യക്തമായെന്നും അതുകൊണ്ടാണ് പിന്തുണ പിൻവലിച്ചതെന്നുമാണ് എൻപിപി പറഞ്ഞത്.

സംസ്ഥാനത്തെ സാഹചര്യം അതീവ ​ഗുരുതര അവസ്ഥയിലേക്ക് പോവുകയാണെന്നും എൻപിപി നേതാവ് യുംനാം ജോയ്കുമാർ വിമർശിച്ചു.  കുകി സായുധ സംഘങ്ങൾക്കെതിരെ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്നാണ് മെയ്തെയ് സംഘടനകൾ അന്ത്യശാസനം നൽകിയത്. നടപടി തൃപ്തികരമല്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം.

രണ്ട് ദിവസത്തിനിടെ മണിപ്പൂരിൽ 13 എംഎൽഎമാരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ വൈകിട്ടും രണ്ട് എംഎൽഎമാരുടെ വീടുകൾ കത്തിച്ചു. മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ എൻഡിഎ സഖ്യകക്ഷികൾ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. മണിപ്പൂരിലെ സ്ഥിതിയുടെ ഗൗരവം ബ്രസീൽ സന്ദ‍ർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ധരിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker