KeralaNews

മാനസയുടെ മരണം: തോക്ക് വാങ്ങാൻ സഹായിച്ചതാര് ? നിർണ്ണായക വിവരങ്ങൾ പുറത്ത്

കൊച്ചി:കോതമംഗലത്തു ഡെന്റല്‍ കോളജ്‌ വിദ്യാര്‍ഥിനി പി.വി. മാനസയെ വെടിവയ്‌ക്കാനും തുടര്‍ന്നു ജീവനൊടുക്കാനും ഉപയോഗിച്ച തോക്ക്‌ വാങ്ങാന്‍ രാഹിലിനെ സഹായിച്ചത്‌ ഇതരസംസ്‌ഥാനക്കാരനായ തൊഴിലാളിയെന്നു കണ്ടെത്തല്‍. രാഹിലിന്റെ ജോലിക്കാരനായിരുന്ന ഇയാളാണു തോക്കിനായി ബിഹാറിലെ ക്രിമിനല്‍ സംഘങ്ങളുമായി ബന്ധപ്പെടുത്തിയതെന്നു സംശയിക്കുന്നു. ഇയാളെ കേസില്‍ പ്രതിചേര്‍ത്തേക്കും.

മാനസയും രാഹിലും മരിച്ച സാഹചര്യത്തില്‍, പ്രധാന തൊണ്ടിയായ തോക്ക്‌ വാങ്ങിയത്‌ എവിടെനിന്ന്‌, അതിനു കൂട്ടുനിന്നതാര്‌, മാനസയെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യം രാഹുല്‍ ആരോടെങ്കിലും പറഞ്ഞിരുന്നോ തുടങ്ങിയ കാര്യങ്ങളാണു പോലീസ്‌ അന്വേഷിക്കുന്നത്‌.

ജൂലൈ 12-നാണ്‌ തൊഴിലാളിക്കൊപ്പം രാഹില്‍ കേരളം വിട്ടത്‌. 20-നു മടങ്ങിയെത്തുന്നതുവരെയുള്ള ദിവസങ്ങളില്‍ കര്‍ണാടകയിലും ബിഹാറിലുമാണു കൂടുതല്‍ സമയം ചെലവിട്ടതെന്നു മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പ്രകാരം തയാറാക്കിയ റൂട്ട്‌മാപ്പില്‍ വ്യക്‌തമായി. തോക്കിനായി മംഗലാപുരത്തെ സംഘങ്ങളുമായി ബന്ധപ്പെട്ടിരുന്നോയെന്നും അന്വേഷിക്കും. തോക്കുകള്‍ രാജസ്‌ഥാന്‍, ബിഹാര്‍, യു.പി. എന്നിവിടങ്ങളില്‍ എളുപ്പം ലഭിക്കാനിടയുണ്ടെന്നു കണ്ടെത്തിയെങ്കിലും ബിഹാറിലാണു താമസിച്ചതെന്നതിനാല്‍ അവിടെയാകും പ്രധാനമായും അന്വേഷിക്കുക.

15 അടിവരെ ഡെത്ത്‌ റെയ്‌ഞ്ചുള്ള 7.62 എം.എം. പിസ്‌റ്റളാണു രാഹില്‍ ഉപയോഗിച്ചത്‌. എളുപ്പത്തില്‍ അഴിച്ചെടുത്തു നശിപ്പിച്ച്‌ തെളിവ്‌ ഇല്ലാതാക്കാന്‍ കഴിയുമെന്നതിനാല്‍ ക്രിമിനല്‍ സംഘങ്ങള്‍ക്കു പ്രിയപ്പെട്ട മോഡലാണ്‌ ഇത്‌. തിരകള്‍ നിറച്ച ഒരു മാഗസിന്‍ രാഹുലിന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍നിന്നു ലഭിച്ചിരുന്നു. പരിശീലനം കൂടി ഉദ്ദേശിച്ചാണ്‌ കൂടുതല്‍ തിരകള്‍ വാങ്ങിയതെന്നു കരുതുന്നു. സ്വന്തം കാര്‍ വിറ്റുകിട്ടിയ പണമുപയോഗിച്ചാണു തോക്ക്‌ വാങ്ങിയത്‌.

തോക്ക്‌ ലഭിക്കാനുള്ള സാധ്യത രാഹില്‍ ഓണ്‍ലൈനിലൂടെ പരിശോധിച്ചിരുന്നെന്ന്‌ സുഹൃത്തുക്കളിലൊരാള്‍ മൊഴി നല്‍കിയിട്ടുണ്ട്‌. കൊലപാതക പദ്ധതിയെപ്പറ്റി അറിയാമായിരുന്നോ എന്നു കണ്ടെത്താനായി രാഹിലിന്റെ സുഹൃത്തും ബിസിനസ്‌ പങ്കാളിയുമായ ആദിത്യനെ വിശദമായി ചോദ്യംചെയ്യും. രാഹിലിന്റെ സുഹൃത്തുക്കളുടെ മൊഴിയെടുപ്പ്‌ തുടരുകയാണ്‌. എറണാകുളം റൂറല്‍ എസ്‌.പി: കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. ബിഹാറിലേക്കു പോകുന്നതിനു മുന്നോടിയായി അവിടുത്തെ പോലീസ്‌ ഉദ്യോഗസ്‌ഥരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്‌. അനധികൃതമായി കേരളത്തിലേക്കു കൂടുതല്‍ തോക്കുകള്‍ എത്തിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button