അഞ്ച് ഭാര്യമാരും ഗർഭിണികൾ; ഒന്നിച്ച് ബേബി ഷവർ നടത്തി യുവാവ്
ന്യൂയോര്‍ക്ക്:ഗര്‍ഭിണികളായ അഞ്ച് ഭാര്യമാരുടേയും ബേബി ഷവര്‍ ഒരുമിച്ച് നടത്തി യുവാവ്. ന്യൂയോര്‍ക്ക് സ്വദേശിയായ സെഡി വില്‍ എന്ന 22-കാരനാണ് ഈ വ്യത്യസ്തമായ പാര്‍ട്ടി ഒരുക്കിയത്. സെഡിയുടെ ഭാര്യമാരില്‍ ഒരാളും ഗായികയുമായ ലിസി ആഷ്‌ലിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ക്വീന്‍സില്‍ ജനുവരി പതിനാലിനാണ് പാര്‍ട്ടി നടന്നതെന്ന് ടിക് ടോക്കില്‍ പങ്കുവെച്ച വീഡിയോയില്‍ അവര്‍ പറയുന്നു. ‘കുഞ്ഞു സെഡി വില്‍സുമാര്‍ക്ക് സ്വാഗതം’ എന്നും വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.
ബോണി ബി, കെയ് മെറി, ജൈലിന്‍ വില, ലൈന്‍ല കലിറ ഗല്ലേറ്റി എന്നിങ്ങനെയാണ് സെഡി വില്ലിന്റെ ഭാര്യമാരുടെ പേരുകള്‍.
തങ്ങളെല്ലാവരും സഹോദരന്‍മാരുടെ ഭാര്യമാരാണെന്ന പോലെയാണ് തോന്നുന്നതെന്നും ഈ കുഞ്ഞു ഡാഡിയെ തങ്ങള്‍ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും ലിസി ആഷ്‌ലി പോസ്റ്റില്‍ പറയുന്നു. തന്റെ കുഞ്ഞ് ഒരു വലിയ കുടുംബത്തില്‍ ജനിക്കുന്നതിന്റെ സന്തോഷമുണ്ടെന്നും സമൂഹം മാറിയതിന് അനുസരിച്ച് ബന്ധങ്ങളും മാറിയെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ബേബി ഷവറില്‍ നിന്നുള്ള ചിത്രങ്ങള്‍ അവര്‍ ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്. സെഡി വില്ലിനൊപ്പം അഞ്ച് ഭാര്യമാരും ഒരുമിച്ച് നൃത്തം ചെയ്യുന്നത് ചിത്രങ്ങളില്‍ കാണാം. ഇതിന് താഴെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി കമന്റുകള്‍ വന്നു. ഇവരെല്ലാം ഇത്ര സന്തോഷത്തോടെ എങ്ങനെ കഴിയുന്നുവെന്നും വിശ്വസിക്കാനാകുന്നില്ലെന്നുമായിരുന്നു ഒരാളുടെ കമന്റ്. ഇതൊന്നും സത്യമാകരുതേ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.