വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുമായി അനുജന്‍ ഒളിച്ചോടി! മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു; വിവരമറിഞ്ഞ കമിതാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
മധുര: വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുമായി അനുജന്‍ ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മധുര പലമേട് ഗ്രാമത്തിലെ പെരിയ കറുപ്പനാണ്(26) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വിവരമറിഞ്ഞ ഒളിച്ചോടിയ കമിതാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരുടെയും നില ഗുരുതരമാണ്.
സമീപത്തുള്ള ഒരു നിര്‍മാണക്കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു പെരിയ കറുപ്പന്‍. അടുത്ത ഗ്രാമത്തില്‍ താമസിക്കുന്ന ബന്ധുവായ പെണ്‍കുട്ടിയോട് പെരിയ കറുപ്പന് പ്രണയം തോന്നുകയും ഇക്കാര്യം പെണ്‍കുട്ടിയോട് പറയാതെ വീട്ടുകാരുമായി ആലോചിച്ച് വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു യുവാവ്.
എന്നാല്‍ ഇയാളുടെ അനുജനായ ചിന്ന കറുപ്പനുമായി(24) പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. വീട്ടില്‍ വിവാഹം നടത്താനുള്ള ആലോചനകള്‍ വന്നതോടെ പെണ്‍കുട്ടി ചിന്ന കറുപ്പനെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ ഒളിച്ചോടാന്‍ ഇരുവരും തീരുമാനിച്ചു. ഇതില്‍ മനംനൊന്ത് പെരിയ കറുപ്പന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചു. വിവരമറിഞ്ഞ കമിതാക്കള്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയയിരുന്നു.