കണ്ണൂർ: ആ കൈകൾ വാരിയെടുത്ത് രക്ഷിച്ചത് തീവണ്ടി യാത്രക്കാരന്റെ ജീവൻ. ഓടിക്കയറുമ്പോൾ വണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിൽ വീണുപോയ ആളെ ഒരുനിമിഷംകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുയർത്തുകയായിരുന്നു. കണ്ണൂർ റെയിൽവേ സിവിൽ പോലീസ് ഓഫീസർ വി.വി. ലഗേഷും സീനിയർ പോലീസ് ഓഫീസർ സുരേഷ് കക്കറയുമാണ് രക്ഷകരായത്.
ബസ് കണ്ടക്ടർ ഒരു യാത്രക്കാരന്റെ ജീവൻ കൈയിലേന്തി ജീവിതത്തിലേക്ക് പിടിച്ചുയർത്തി എടുക്കുന്ന രംഗം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നതിന് മുൻപ് നടന്ന സംഭവമാണിത്. എന്നാൽ ഡ്യൂട്ടിക്കിടയിൽ നടത്തിയ ഈ രക്ഷാപ്രവർത്തനം വെള്ളിയാഴ്ചയാണ് റെയിൽവേ പോലീസ് സി.സി.ടി.വി യിൽനിന്ന് കണ്ടെത്തിയത്. മറ്റൊരു സംഭവം തിരയുന്നതിനിടയിലാണ് ഈ വീഡിയോ കണ്ടതും വൈറലായതും.
മേയ് 26-ന് രാത്രി എട്ടിന് കണ്ണൂർ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. കൊച്ചുവേളി-പോർബന്ദർ എക്‌സ്‌പ്രസ് സ്റ്റേഷനിൽ നിർത്തി യാത്ര തുടരുന്നതിനിടയിലാണ് യാത്രക്കാരൻ ഓടിക്കയറാൻ ശ്രമിച്ചത്. പിടിവിട്ടു വീഴവേ ലഗേഷ് ഓടിയെത്തി കൈയിൽ തൂക്കിയെടുത്ത് മീറ്ററുകളോളം ദൂരത്തേക്ക് കൈവിടാതെ പിടിച്ചുകൊണ്ട് ഒരു ജീവൻ രക്ഷിക്കുകയായിരുന്നു. കൈയിൽ താങ്ങി ഓടുന്നതിനിടയിൽ ട്രെയിൻ അടിയിലേക്ക് കുടുങ്ങുകയോ അകപ്പെടുകയോ ചെയ്തിരുന്നെങ്കിൽ രണ്ടു ജീവൻ നഷ്ടപ്പെടുമായിരുന്നു.
കായംകുളത്തുനിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന യാത്രക്കാരനാണ് അപകടത്തിൽ പെട്ടത്. കണ്ണൂർ സ്റ്റേഷനിൽ വണ്ടി എത്തിയപ്പോൾ വെള്ളക്കുപ്പി വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു. വണ്ടിക്കുള്ളിൽ കയറ്റിയ യാത്രക്കാരനെ വണ്ടിക്കുള്ളിലുണ്ടായ ഡോക്ടർ പ്രാഥമിക ശുശ്രൂഷ നൽകി. ഞായറാഴ്ച വൈകീട്ട് 5.30-ന് ഇരിണാവ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേരുന്ന യോഗത്തിൽ എം. വിജിൻ എം.എൽ.എ. ലഗേഷിനെ ആദരിക്കും.