കൊവിഡ് പരത്തി; യുവാവിന് അഞ്ച് വര്‍ഷം തടവും 880 ഡോളര്‍ പിഴയും
ഹനോയി: വിയറ്റ്‌നാമില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുകയും വൈറസ് പരത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. എട്ട് പേരിലേക്ക് കൊവിഡ് പരത്തിയ ലെ വാന്‍ ട്രിയെയാണ് (28) അഞ്ച് വര്‍ഷം തടവിനു ശിക്ഷിച്ചത്. ട്രൈ രോഗം പരത്തിയ എട്ടു പേരില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.
ജൂലൈ ആദ്യം ഹോ ചിമിന്‍ നഗരത്തില്‍നിന്നും രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള സ്വന്തം നാടായ കാ മൗ പ്രവിശ്യയിലേക്ക് ട്രി ബൈക്കില്‍ യാത്ര ചെയ്തിരുന്നു. കാ മൗ ലെത്തിയ ട്രി തന്റെ യാത്രാ വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരില്‍നിന്നു മറച്ചുവയ്ക്കുകയും ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിക്കുകയും ചെയ്തു.
മറ്റൊരു പ്രദേശത്തില്‍നിന്നും എത്തുന്നവര്‍ക്ക് അടിയന്തരമായി 21 ദിവസം ക്വാറന്റൈന്‍ കാ മൗ ആരോഗ്യ വിഭാഗം നിര്‍ബന്ധമാക്കിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ട്രിയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെ കുടുംബാംഗങ്ങള്‍ക്കും. അദ്ദേഹം സന്ദര്‍ശിച്ച വെല്‍ഫെയര്‍ സെന്ററിലെ ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചു.
സംഭവത്തില്‍ ട്രിയ്‌ക്കെതിരെ കേസെടുത്തു. ഒരു ദിവസത്തെ വിചാരണയ്ക്കു ശേഷം അദ്ദേഹത്തിന് അഞ്ച് വര്‍ഷം തടവും 880 ഡോളര്‍ പിഴ ശിക്ഷയും നല്‍കി.