കൊല്ലം: നിരന്തരമായി മര്‍ദിക്കുന്നതിനെതിരെ പോലീസില്‍ പരാതി നല്‍കിയ ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡ് ഒഴിച്ചശേഷം ഒളിവില്‍ പോയ പ്രതിയെ ഇരവിപുരം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. വാളത്തുംഗല്‍ സഹൃദയ ക്ലബിന് സമീപം മംഗാരത്ത് കിഴക്കതില്‍ ജയനാണ് പിടിയിലായത്. ഇയാള്‍ക്ക് ആസിഡ് നല്‍കിയ ഓയൂര്‍ സ്വദേശിയും പിടിയിലായതായി സൂചനയുണ്ട്.
ഒരാഴ്ച മുമ്പാണ് ഭാര്യ രാജി, മകള്‍ ആദിത്യ എന്നിവരുടെ ദേഹത്ത് ഇയാള്‍ ആസിഡ് ഒഴിച്ചത്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സമീപത്തെ വീട്ടിലെ രണ്ട് കുട്ടികളുടെ ദേഹത്തും ആസിഡ് വീണിരുന്നു. ഇവരുടെ പൊള്ളല്‍ ഗുരുതരമല്ല.
ലഹരിക്ക് അടിമയായിരുന്ന ജയന്‍ ഭാര്യയെ പതിവായി മര്‍ദിച്ചിരുന്നു. സംഭവത്തിനു ശേഷം മുങ്ങിയ ജയന്‍ മാഹി, തലശേരി, എറണാകുളത്തുമായി ചുറ്റിക്കറങ്ങി. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലായിരുന്നതിനാല്‍ ഫോണ്‍ വഴി പ്രതിയെ തിരയാനുള്ള ശ്രമം വിഫലമായിരുന്നു.
കൊല്ലം എസിപി പ്രദീപിന്റെ നിര്‍ദേശാനുസരണം അന്വേഷണത്തിനായി വിവിധ ടീമുകളെ രൂപീകരിച്ച് കേരളത്തിന് പുറത്തും അന്വേഷണം ഊര്‍ജിമാക്കുകയായിരുന്നു. ഇതിനിടയില്‍ ഇയാളുടെ കൈയില്‍ പണമില്ലാത്തതിനാല്‍ തലശേരിയില്‍ നിന്ന് റെയില്‍വേ ട്രാക്കിലൂടെ നടന്ന് കരുനാഗപ്പള്ളിയിലെത്തിയതായും പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് കല്ലുവാതുക്കലിലെ ഒളിത്താവളത്തിലെത്തിയ ഇയാളെ കഴിഞ്ഞ രാത്രിയില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.