EntertainmentKeralaNews

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണ്‍,വോട്ടുംതേടി; പ്രേമലു നായിക മമിതയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിലില്ല

കോട്ടയം: വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച സ്വീപ് യൂത്ത് ഐക്കണു പക്ഷേ വോട്ടില്ല. പ്രേമലു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി മമിത ബൈജുവിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ യൂത്ത് ഐക്കണായി നിൽക്കെ തന്നെ വോട്ടർ ലിസ്റ്റിൽ പേരില്ലാത്തതിനാൽ വോട്ടില്ലാതെയായത്.

മമിതയുടെ കന്നിവോട്ട് കൂടിയായിരുന്നു ഇത്തവണ. വോട്ടർ പട്ടികയിൽ‌ പേരില്ലാത്തതാണ് പ്രശ്നമായത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്നലെ പ്രവർത്തകർ നടിയുടെ കിടങ്ങൂരിലെ വസതിയിൽ വോട്ടിങ് സ്ലിപ് എത്തിച്ചപ്പോഴാണ് മകളുടെ പേര് ലിസ്റ്റിൽ ഇല്ല എന്ന വിവരം പിതാവ് ഡോ ബൈജു അറിഞ്ഞത്.

സിനിമാത്തിരക്കുകൾ മൂലമാണ് വോട്ട് ഉറപ്പാക്കാൻ കഴിയാതെ പോയതെന്ന് ഡോ ബൈജു പറഞ്ഞു. വോട്ടർമാരെ ബോധവൽക്കരിക്കാനും വോട്ടർ സാക്ഷരത പ്രോത്സാഹിപ്പിക്കാനുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പദ്ധതിയാണ് സ്വീപ് എന്നറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം.

പദ്ധതിയുടെ ഭാഗമായി, കോട്ടയം മണ്ഡലത്തിലെ ഐക്കണുകളായി ജസ്റ്റിസ് കെ.ടി തോമസ്, പായ് വഞ്ചിയിൽ ലോകം ചുറ്റിയ കമാൻഡർ അഭിലാഷ് ടോമി, മിസ് ട്രാൻസ് ഗ്ലോബൽ വിജയിയും മോഡലുമായ ശ്രുതി സിത്താര, ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി എന്നിവരെയാണ് നിശ്ചയിച്ചത്.

കന്നിവോട്ടർമാരെ ആകർഷിക്കാനാണ് മമിത ബൈജുവിനെ സ്വീപ് യൂത്ത് ഐക്കണായി തിരഞ്ഞെടുത്തത്. ജില്ലകൾ തോറും പൗരപ്രമുഖരെ ഐക്കണുകളായി നിശ്ചയിക്കാറുണ്ട്. വോട്ട് പാഴാക്കരുത് എന്ന സന്ദേശമാണ് ഇവരിലൂടെ തിരഞ്ഞെടുപ്പ് കമ്മിഷൻ പൊതുജനങ്ങളിലെത്തിക്കാൻ ശ്രമിക്കുന്നത്. നടൻ ടൊവിനോ തോമസാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസഡർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker