KeralaNews

നാലു ഭാര്യമാരുള്ള മാമി; പ്രചരിച്ചത് പല കഥകള്‍ തിരോധാനത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ; അന്‍വര്‍ ഉയര്‍ത്തിയത്‌ ഈ തിരോധാനം

കോഴിക്കോട്: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. മാമിയെന്ന മുഹമ്മദ് ആട്ടൂര്‍ എവിടെയെന്ന് പൊലീസിന് യാതൊരു സൂചനയും ഇല്ല. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിനെയാണ് പിവി അന്‍വര്‍ ചര്‍ച്ചയാക്കുന്നത്. ഈ കാണാതാകലിന് പിന്നില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് പങ്കുണ്ടെന്നാണ് ആരോപണം.

ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ റുക്‌സാന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. മാമി എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് ആട്ടൂറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കോഴിക്കോട് നടക്കാവ് പോലീസിന്റെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ റുക്‌സാന ഹൈക്കോടതിയെ സമീപിച്ചത്.

മാമിയുടെ തിരോധാനത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയാണെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. മുഹമ്മദിന്റെ ജീവന്‍ അപകടത്തിലാണെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. അതേ സമയം മുഹമ്മദിനെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കോക്കല്ലൂര്‍ കേന്ദ്രീകരിച്ച് ആക്ഷന്‍ കമ്മറ്റിക്കും രൂപം നല്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21നാണ് ആട്ടൂരിനെ കോഴിക്കോട് നഗരത്തിലെ ഫ്‌ലാറ്റില്‍ നിന്നും കാണാതായത്. നടക്കാവ് എസ് എച്ച്ഓയ്ക്കായിരുന്നു അന്വേഷണ ചുമതല. മുഹമ്മദിന്‌റെ സുഹൃത്തുക്കളുടേയും ബിസിനസ് പങ്കാളികളുടേയുമൊക്കെ മൊഴി രേഖപ്പെടുത്തി അന്വേഷണം വിപുലീകരിച്ചെങ്കിലും തുമ്പുണ്ടാക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ആട്ടൂരിനെ കൊല ചെയ്യാനുള്ള സാധ്യതകളാണ് അന്‍വര്‍ ചര്‍ച്ചയാക്കുന്നത്.

മൊബൈല്‍ ഫോണ്‍ ടവറുകളുടെ ടവര്‍ ഡംപ് യുഎസ്എയിലെ അറ്റ്‌ലാന്റ ഗൂഗിള്‍ ആസ്ഥാനത്തു നിന്നും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിക്കാന്‍ എഡിജിപി അജിത് കുമാര്‍ നേരിട്ട് എത്തിയിരുന്നു. മാമിയെ കാണാതായ ദിവസം നിശ്ചിത സമയത്തെ തലക്കുളത്തൂര്‍ പ്രദേശത്തെ മൊബൈല്‍ ടവര്‍ വഴി പ്രവര്‍ത്തിച്ച മൊബൈല്‍ ഫോണ്‍ നമ്പറുകളാണ് പരിശോധിച്ചത്.

2023 ഓഗസ്റ്റ് 21 നാണ് മാമിയെ നഗരത്തില്‍ നിന്നു കാണാതായത്. പിന്നീട് 22 ന് തലക്കുളത്തൂരില്‍ എത്തിയതായും വിവരം ലഭിച്ചു. പത്തു ദിവസത്തിനു ശേഷമാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്നു നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഒരു മാസത്തിനു ശേഷം സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പൊലീസിനെ വഴി തിരിച്ചുവിടാന്‍ ചില ഭാഗത്തു നിന്നു ശ്രമം നടന്നിരുന്നു. പിന്നീട് ശാസ്ത്രീയ തെളിവുകള്‍ തേടിയാണ് അന്വേഷണം മുന്നോട്ട് പോയത്. ഇതിനായി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ടവര്‍ ഡംപ് പരിശോധനയിലേക്കു പൊലീസ് നീങ്ങിയത്. പക്ഷേ ഫലം കണ്ടില്ലെന്നതാണ് വസ്തുത.

മുഹമ്മദുമായി നേരത്തെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയവരടക്കമുള്ളവരെ ചുറ്റിപ്പറ്റിയും പൊലീസ് അന്വേഷണം നടത്തിയിരുന്നു. പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുന്നുണ്ടെന്നും വിവരങ്ങളൊന്നും ലഭ്യമായില്ലെന്നുമാണ് കുടുംബവും പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker