KeralaNews

മാമി തിരോധാനം: പോലീസ് പ്രതിയിലേക്ക്‌; 14 മൊബൈൽനമ്പറുകൾ നിരീക്ഷണത്തിൽ

കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ ബാലുശ്ശേരി എരമംഗലം ആട്ടൂര്‍ ഹൗസില്‍ ആട്ടൂര്‍ മുഹമ്മദ് എന്ന മാമിയെ (57) കാണാതായിട്ട് 510 ദിവസമായി. നടക്കാവ് പോലീസില്‍നിന്ന് തുടങ്ങിയ അന്വേഷണം ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തിട്ടുതന്നെ 125 ദിവസമായി. മാമിയെ കാണാതായതിന്റെ 385-ാം ദിവസം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം ഇരുട്ടില്‍ത്തപ്പുന്നതിനിടെ തെളിഞ്ഞ ഇത്തിരിവെട്ടം ഊതിക്കത്തിച്ച് യഥാര്‍ഥ്യത്തിലേക്ക് വെളിച്ചംവീശാമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ആഭ്യന്തരവകുപ്പ്.

മാമിയുടെ രണ്ട് മൊബൈല്‍ ഫോണുകളും ഒന്നിച്ച് ഓഫായ തലക്കുളത്തൂര്‍ ഭാഗത്തെ വിവിധ മൊബൈല്‍ ടവര്‍ ഡമ്പുകളില്‍നിന്ന് അരിച്ചെടുത്ത ചില ഫോണ്‍നമ്പറുകളാണ് നിലവില്‍ അന്വേഷണസംഘത്തിന് മുന്നിലുള്ള വെള്ളിവെളിച്ചം. 14 മൊബൈല്‍ നമ്പറുകളാണ് പ്രധാനമായും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. ഈ മൊബൈല്‍ നമ്പറുകളുടെ ഉടമകളെ ഉള്‍പ്പെടെ 200-ലേറെപ്പേരെ ഇതിനകം ക്രൈംബ്രാഞ്ച് ചോദ്യംചെയ്തുകഴിഞ്ഞു. ഇതില്‍ ചിലര്‍ നല്‍കിയ മൊഴികള്‍ അവാസ്തവമാണെന്ന് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ തെളിവുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് ക്രൈംബ്രാഞ്ചിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മാമിയുടെ തിരോധാനത്തിനുപിന്നില്‍ ഒരുകൂട്ടം ആളുകളുണ്ടെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്. 2023 ഓഗസ്റ്റ് 21-ന് അരയിടത്തുപാലത്തെ ഒരു കെട്ടിടത്തില്‍നിന്ന് ഒരു വാഹനത്തില്‍ കയറി തലക്കുളത്തൂര്‍ ഭാഗത്തേക്കാണ് മാമി പോയത്. ഒരു സമ്മര്‍ദമോ ബലപ്രയോഗമോ ഇല്ലാതെ വാഹനത്തില്‍ കയറിയെന്നത് സ്ഥിരീകരിച്ച അന്വേഷണസംഘം ആ സമയം കാറില്‍ മാമിക്ക് താത്പര്യമുള്ളവരാണ് ഉണ്ടായിരുന്നതെന്ന നിഗമനത്തിലാണ്. അടുത്തദിവസംവരെ തലക്കുളത്തൂര്‍ പ്രദേശത്തുണ്ടായിരുന്ന മാമിയുമായി ഫോണില്‍ സംസാരിച്ചപ്പോഴെല്ലാം ഒപ്പം മൂന്നോ അതിലധികമോ ആളുകള്‍ ഉണ്ടായിരുന്നതായും അവരുടെ ശബ്ദം ഇതിനിടെ കേട്ടിരുന്നതായും വീട്ടുകാര്‍ മൊഴിനല്‍കിയിട്ടുണ്ട്. മുന്‍പ് ഒരിക്കല്‍പ്പോലും ഫോണ്‍ ഓഫാക്കിയിട്ടില്ലാത്ത മാമിയുടെ രണ്ട് ഫോണുകളും ഒരേസമയം ഓഫായതാണ് വീട്ടുകാരില്‍ പെട്ടെന്ന് സംശയംതോന്നിയതും നടക്കാവ് പോലീസില്‍ പരാതിപ്പെടുന്നതിനും ഇടയാക്കിയത്.

ഇതിനിടെ, മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ പിടിച്ചുപറിക്കാരന്‍ കാക്ക രഞ്ജിത്തിനെയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. മാമിയെ തട്ടികൊണ്ടുപോയവരെക്കുറിച്ച് അന്വേഷിച്ച് തരാമെന്ന് വാഗ്ദാനം നല്‍കി രഞ്ജിത്ത് ചിലരില്‍നിന്ന് പണംതട്ടിയെന്നാണ് ഇതുവരെയുള്ള വിവരം.

റിയല്‍ എസ്റ്റേറ്റ് വ്യാപാരി ബാലുശ്ശേരി എരമംഗലം സ്വദേശി ആട്ടൂര്‍ മുഹമ്മദ് എന്ന മാമി (57)യുടെ തിരോധാനത്തില്‍ മാമിയുടെ കുടുംബത്തിനും അന്വേഷണസംഘത്തിനുമെതിരേ ആരോപണങ്ങളുമായി മാമിയുടെ ഡ്രൈവര്‍ രജിത്ത് കുമാറും കുടുംബവും രംഗത്ത്.

”പോലീസ് സ്റ്റേഷനില്‍ പോകുന്നതല്ലാതെ ജോലിക്കുപോകാന്‍ കഴിയുന്നില്ല. തെറ്റുചെയ്‌തെങ്കില്‍ ജയിലില്‍പ്പോകാന്‍ തയ്യാറാണ്. മാമി മുങ്ങിയെന്ന് സംശയിക്കുന്നില്ല”-രജിത്ത് കുമാര്‍ വ്യക്തമാക്കി.

മാമി തിരോധാനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യംചെയ്യല്‍ ദിവസങ്ങളായി തുടരുന്നതിനിടെ ജനുവരി ഏഴുമുതല്‍ വീട്ടില്‍നിന്ന് ഫോണ്‍ ഓഫാക്കി മാറിനിന്ന രജിത്തിനെയും ഭാര്യ സുഷാരയെയും കാണാനില്ലെന്ന് സഹോദരന്‍ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഗുരുവായൂരില്‍വെച്ച് പോലീസ് കണ്ടെത്തി അര്‍ധരാത്രിയോടെയാണ് കോഴിക്കോട്ടെത്തിച്ചത്.

ഇതിന്റെ പശ്ചാത്തലത്തില്‍ രജിത്ത് കുമാര്‍ ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് പോലീസിനും മാമിയുടെ കുടുംബത്തിനുമെതിരേ ആരോപണമുന്നയിച്ചത്.

”റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ മാമി ബിസിനസ് ആവശ്യങ്ങള്‍ക്കായി പലസ്ഥലത്തും പോകാറുണ്ട്. രണ്ടുമൂന്ന് ദിവസംകഴിഞ്ഞ് തിരിച്ചെത്തുന്ന സാഹചര്യങ്ങളുമുണ്ടാവാറുണ്ട്. എന്നാല്‍, മാമിയെ കാണാതായ ദിവസം മണിക്കൂറുകള്‍ക്കകംതന്നെ കുടുംബം പരാതി നല്‍കി. ഇതില്‍ അസ്വാഭാവികതയുണ്ട്. ഇക്കാര്യം പോലീസ് അന്വേഷിക്കുന്നില്ല. മാമി അവസാനമായി പള്ളിയിലേക്കുപോകുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍, പോലീസ് ചോദിക്കുന്ന കാര്യങ്ങള്‍ പലതും എനിക്കറിയാത്തതാണ്”-രജിത്ത് പറഞ്ഞു.

”മാമിയെ കാണാതായശേഷം പോലീസ് എന്നെയും സുഹൃത്തുക്കളെയും മക്കളുള്‍പ്പടെയുള്ള കുടുംബാംഗങ്ങളെയും വേട്ടയാടുകയാണ്. സുഹൃത്തുക്കളെ വിളിക്കാനാകുന്നില്ല. ഞാന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഭാര്യയെയും പോലീസ് വിളിപ്പിച്ചു. രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചുവരെ ചോദ്യംചെയ്തു. മകനെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. പുലര്‍ച്ചെ നാലിന് ഗേറ്റ് ചാടിക്കടന്ന് പോലീസ് വാതിലില്‍ മുട്ടുന്നു. ഭാര്യയുടെ ഫോണ്‍ പോലീസ് വാങ്ങിക്കൊണ്ടുപോയി”-രജിത്ത് കുമാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker